‘മക്കൾ പോപ്പുലർ ഫ്രണ്ടുകാർ ആയതിൽ കുടുംബാംഗങ്ങൾ എന്തുപിഴച്ചു’; ജപ്തിക്കെതിരെ വീണ്ടും കെ.എം ഷാജി

കോഴിക്കോട്: പോപുലർ ഫ്രണ്ട് - എസ്.ഡി.പി.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി. മക്കൾ പോപ്പുലർ ഫ്രണ്ടുകാർ ആയതിൽ കുടുംബാംഗങ്ങൾ എന്തുപിഴച്ചെന്ന് കെ.എം ഷാജി ചോദിച്ചു.

പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോഴാണ് പത്തും പതിനഞ്ചും സെന്‍റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നത്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുകയാണ്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണ്. മക്കൾ പോപ്പുലർ ഫ്രണ്ട്കാർ ആയതിനു കുടുംബാംഗങ്ങൾ എന്ത് പിഴച്ചുവെന്നും കെ.എം ഷാജി ചോദിച്ചു. അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെ നിലപാടിനോട് തനിക്ക് എതിർപ്പണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് കമീഷണർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗ് പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സര്‍ക്കാറിനെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കെ.എം. ഷാജി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മലപ്പുറത്തെ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലും ജപ്തിക്കെതിരെ കെ.എം ഷാജി രൂക്ഷ വിമർശനം നടത്തിയിരുന്നു. ജപ്തി നടപടി നീതിയല്ലെന്നാണ് കെ.എം ഷാജി പറഞ്ഞത്. ‘ഇപ്പോൾ എസ്.ഡി.പി.ഐയുടെ നേതാക്കന്മാർക്കും പ്രവർത്തകർക്കുമെതിരെ എടുക്കുന്ന നടപടി നേരാണെന്ന് കരുതുന്നുണ്ടോ?

തീവ്രവാദത്തിന്‍റെ കനലിൽ വീണ്ടും എണ്ണയൊഴിക്കുകയാണ്. നിങ്ങൾ നീതിയാണോ കാണിക്കുന്നത്? അവരുടെ വീടുകളിൽ കയറി നിരപരാധിയായ അമ്മയും ഭാര്യയും മക്കളും നോക്കിനിൽക്കെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നോട്ടീസ് ഒട്ടിക്കുന്നത് സാർവത്രിക നീതിയാണോ?’-കെ.എം ഷാജി ചോദിച്ചു.

Tags:    
News Summary - KM Shaji again against confiscation poppular front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT