കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് മുമ്പാകെ ഹാജരായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയെ ചോദ്യം ചെയ്യുന്നു. രാവിലെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസിലാണ് ഷാജി ഹാജരായത്. വിജിലൻസ് ആവശ്യപ്പെട്ട രേഖകളുമായാണ് ഷാജി എത്തിയതെന്നാണ് വിവരം.
ഏപ്രിൽ 16ന് തൊണ്ടായാട്ടെ വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫിസിൽ അഞ്ചു മണിക്കൂറോളം കെ.എം ഷാജിയെ ചോദ്യം ചെയ്തിരുന്നു. അന്ന് കുറച്ച് രേഖകൾ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. തുടർന്നാണ് കൂടുതൽ രേഖകൾ ഹാജരാക്കാൻ എസ്.പി എസ്. ശശിധരൻ ഒരാഴ്ചത്തെ സമയം അനുവദിച്ചത്.
പരിശോധനക്കിടെ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ച 47,35,500 രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെയും സ്രോതസ്സുകളാണ് വിജിലൻസ് പ്രധാനമായും ആവശ്യപ്പെട്ടത്. പിടികൂടിയ പണം സംബന്ധിച്ച ചോദ്യത്തിന് അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ താൻ തെരഞ്ഞെടുപ്പിന് പിരിച്ച തുകയാണിതെന്നായിരുന്നു ഷാജിയുടെ മറുപടി.
ഒന്നര ദിവസത്തിലേറെ നീണ്ട പരിശോധനയാണ് കെ.എം. ഷാജിയുടെ വീടുകളിൽ നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച അർധരാത്രിയോടെയും കണ്ണൂരിലെ പരിശോധന ചൊവ്വാഴ്ച ഉച്ചയോടെയുമാണ് അവസാനിച്ചത്.
കണ്ണൂരിലെ വീട്ടിൽ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപ, 60 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവയും കോഴിക്കോട്ടെ വീട്ടിൽ നിന്ന് 475 ഗ്രാം സ്വർണാഭരണം, 30,000 രൂപ, വിവിധ രാജ്യങ്ങളുടെ വിദേശ കറൻസികൾ, രണ്ട് വീട്ടിൽ നിന്നുമായി 77 രേഖകൾ എന്നിവയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.
വിദേശ കറൻസികൾ മക്കളുടെ നാണയ ശേഖരമാണെന്ന് ഷാജി അറിയിച്ചതോടെ ഇത് മഹസറിൽ രേഖപ്പെടുത്തിയ ശേഷം വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.