തിരുവനന്തപുരം: കെ.എം.എസ്.സി.എൽ മരുന്ന് സംഭരണശാലകളിലെ ആവർത്തിച്ചുണ്ടായ തീപിടിത്തം സംബന്ധിച്ച അന്തിമ റിപ്പോർട്ടിലും ദുരൂഹതകൾ തീരുന്നില്ല. അന്വേഷണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ നിയമസഭയിലാണ് റിപ്പോർട്ട് കിട്ടിയെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച സ്ഥലത്തെ ഈർപ്പമാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് മന്ത്രിയുടെ വിശദീകരണം.
തുടക്കം മുതൽ ഈ വാദം ആരോഗ്യവകുപ്പ് ഉയർത്തുന്നുണ്ടെങ്കിലും മറുചോദ്യങ്ങൾക്കും ദൂരുഹതകൾക്കും കൃത്യമായ വിശദീകരണമുണ്ടായിരുന്നില്ല. ആറുമാസമെടുത്ത് വിവിധ വിഭാഗങ്ങൾ നടത്തിയ പരിശോധനക്ക് ശേഷവും ഇതേ നിഗമനമാണെന്നത് സംശയം വർധിപ്പിക്കുകയും ചെയ്യുന്നു.
മേയ് 17 നാണ് കൊല്ലം ഉളിയക്കോവിലിലെ മരുന്ന് സംഭരണശാലക്ക് തീപിടിച്ചത്. മേയ് 23ന് തിരുവനന്തപുരത്തും മേയ് 27ന് ആലപ്പുഴയിലും സമാനനിലയിൽ തീപടർന്നു. കെ.എം.എസ്.സി.എൽ ഗോഡൗണുകളിൽ മാത്രം തുടർച്ചയായി കത്തുന്നുവെന്ന് മാത്രമല്ല, തീപിടിത്തത്തിലെ സമാനതകളാണ് സംശയം വർധിപ്പിക്കുന്നത്. മൂന്നിടത്തും രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡറിലുള്ള രാസപ്രതിപ്രവർത്തനമാണ് കാരണമെങ്കിൽ എന്തുകൊണ്ട് പകൽ നേരത്ത് തീ പിടിത്തമുണ്ടാകുന്നില്ലെന്നതാണ് പ്രസക്തമായ ചോദ്യം.
മഴവെള്ളമോ മറ്റോ ബ്ലീച്ചിങ് പൗഡറിൽ കലർന്നത് വഴിയുള്ള രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് മറ്റൊരു വാദം. തിരുവനന്തപുരത്ത് സംഭവ സമയം മഴയുണ്ടായിരുന്നെങ്കിലും ആലപ്പുഴയിൽ മഴയില്ലായിരുന്നു. കൊല്ലത്തെ തീപിടിത്തം മിന്നൽ മൂലമാണെന്നാണ് ആദ്യം വാദിച്ചത്. ഗോഡൗണിന്റെ ചുമരുകളിലൊന്നും വിള്ളലോ മറ്റു മിന്നലേറ്റ അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്നതോടെയാണ് കാരണങ്ങൾ മാറ്റിപ്പിടിച്ചത്. തിരുവനന്തപുരത്തെ തീപിടിത്തത്തിൽ ഒരു അഗ്നിശമന സേന ഉദ്യോഗസ്ഥന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
നടപടി തുടങ്ങി -ആരോഗ്യമന്ത്രി
തിരുവനന്തപുരം: കെ.എം.എസ്.സി.എൽ സംഭരണശാലകളിലെ തീപിടിത്തം സംബന്ധിച്ച വിവിധ വിഭാഗങ്ങളുടെ പരിശോധന റിപ്പോർട്ട് ഡിസംബറിൽ ലഭിച്ചെന്ന് ആരോഗ്യമന്ത്രി. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച സ്ഥലത്തെ ഈർപ്പമാണ് തീപിടിത്തത്തിന് കാരണമായത്. റിപ്പോർട്ടിലെ നിർദേശപ്രകരമുള്ള മാനദണ്ഡങ്ങളും ക്രമീകരണങ്ങളും വെയർഹൗസുകളിൽ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇടുക്കി മാത്രമാണ് ഇനി അവശേഷിക്കുന്നത്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ ബ്ലീച്ചിങ് പൗഡറിന്റെ ഗുണനിലവാരം പരിശോധിച്ചിരുന്നു. അതിൽ മതിയായ ഗണനിലവാരമുള്ളതാണ് സംഭരിച്ച ബ്ലീച്ചിങ് പൗഡർ എന്ന് വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.