'ഗുരുവായൂരിലെ പ്രബുദ്ധ വോട്ടർമാർക്ക് നന്ദി'; കെ.എൻ.എ. ഖാദറിനെ ട്രോളി എൻ.കെ. അക്ബർ എം.എൽ.എ

ചാവക്കാട്: കോഴിക്കോട് ചാലപ്പുറത്തെ ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷകനായി പങ്കെടുത്ത മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ കെ.എൻ.എ. ഖാദറിനെ ട്രോളി എൻ.കെ. അക്ബർ എം.എൽ.എ. കെ.എൻ.എ. ഖാദറിനെ ആര്‍.എസ്.എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍ ഷാൾ അണിയിക്കുന്ന ചിത്രത്തിനൊപ്പം 'ഗുരുവായൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് ഒരായിരം നന്ദി' എന്ന കുറിപ്പോടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തന്‍റെ മുഖ്യ എതിരാളിയെ കളിയാക്കി എൻ.കെ. അക്ബർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 

മുന്‍ എം.എല്‍.എ കൂടിയായ കെ.എന്‍.എ. ഖാദര്‍ കേസരിയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് പങ്കെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കെ.എൻ.എ. ഖാദർ പ്രചാരണത്തിനായി ഗുരുവായൂരിൽ എത്തിയ ആദ്യ ദിവസം തന്നെ ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിടുകയും, ഗുരുവായൂരപ്പന്‍ തന്റെ മനസ്സ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടാവുമെന്നും രാഷ്ട്രീയ കുചേലന്റെ അവില്‍പ്പൊതി ഭഗവാന്‍ സ്വീകരിക്കാതിരിക്കില്ലെന്നും പറഞ്ഞത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ആർ.എസ്.എസുമായുള്ള കെ.എൻ.എ. ഖാദറിന്റെ രഹസ്യ ബന്ധത്തിന് തെളിവാണെന്ന ആരോപണവും ഉയർന്നിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോൾ 18,268 വോട്ടുകൾക്കാണ് എൻ.കെ. അക്ബർ വിജയിച്ച് കയറിയത്. ഇതെല്ലാം ഓർമിപ്പിക്കുന്നതായിരുന്നു എൻ.കെ. അക്ബർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. 




Tags:    
News Summary - KNA Khader Trolled by NK Akbar MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.