തൃശൂർ: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി തൃശൂർ പുറ്റേക്കര സ്വദേശി മാര്ട്ടിന് ജോസഫ് പുലിക്കോട്ടിൽ (26) പിടിയിലായി. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടൂര്‍ അയ്യൻകുന്ന് ഇൻഡസ്ട്രിയൽ ഭാഗത്തെ ഒളിത്താവളത്തിൽനിന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്നതിന് സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, ശ്രീരാഗ്, ബന്ധു കൂടിയായ ജോൺ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒടുവിൽ പിടിയിലായത്. കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇയാള്‍ തൃശൂരില്‍ എത്തിയ ബി.എം.ഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജൂൺ എട്ടിന് രാവിലെ നാലിനാണ് ഇയാള്‍ കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് തൃശൂരിലേക്ക് വന്നത്. കാക്കനാടുള്ള ജുവല്‍സ് അപ്പാര്ട്ട്മെൻറില്നിന്ന് മാര്ട്ടിന് രക്ഷപ്പെടുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വീടിന് സമീപത്തെ പ്രദേശങ്ങളിൽ ഇയാൾ ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിൽ മേഖല പൊലീസ് നിരീക്ഷണത്തിലാക്കുകയും ഇയാളുടെ വീട്ടില്‍ പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചതായാണ് പരാതി. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലായത്. ഇവര്‍ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ കൊണ്ടുപോയി മാര്ട്ടിന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.