തൃശൂർ: കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതിയെ ഒളിപ്പിച്ചവരാണ് തൃശൂരിൽ പിടിയിലായത്. മാര്‍ട്ടിന്‍ ജോസഫിന്‍റെ സഹോദരനും സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മാർട്ടിനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് മട്ടന്നൂർ സ്വദേശിനിയായ യുവതിക്കാണ് മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
വിവാഹ വാഗ്ദാനം നൽകി 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് എട്ടുവരെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു.
മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ തൃശൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ തെരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് മാർട്ടിൻ ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.