കൊച്ചി: 19കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു. അതേസമയം, കേസിലെ പ്രതിയായ ഡിമ്പിള്‍ ലാമ്പക്ക് വേണ്ടി രണ്ട് അഭിഭാഷകർ ഹാജരായത് കോടതി മുറിക്കുള്ളിൽ നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു.
രാജസ്ഥാന്‍ രാംവാല രഘുവ സ്വദേശി ഡിമ്പിള്‍ ലാമ്പ (ഡോളി -21), കൊടുങ്ങല്ലൂര്‍ പരാരത്ത് വീട്ടില്‍ വിവേക് (26), കൊടുങ്ങല്ലൂര്‍ മേത്തല കുഴിക്കാട്ടു വീട്ടില്‍ നിധിന്‍ (35), കൊടുങ്ങല്ലൂര്‍ കാവില്‍കടവ് തായ്ത്തറ വീട്ടില്‍ ടി.ആര്‍. സുദീപ് (34) എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.
കേസുമായി ബന്ധപ്പെട്ട് എട്ട് സ്ഥലങ്ങളിൽ തെളിവെടുക്കാനുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യങ്ങളാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അഭിഭാഷകരായ ബി.എ ആളൂരും അഫ്സലുമാണ് ഹാജരായത്. വക്കാലത്ത് ഇല്ലാതെയാണ് ആളൂർ ഹാജരായത്. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ. അഫ്സലിനോട് ആളൂർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെട്ട കോടതി ബഹളംവെക്കാൻ ഇത് ചന്തയല്ലെന്ന് ഇരുവരെയും ഓർമിപ്പിച്ചു. ഇതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഫ്സലിനെയാണ് ഡിമ്പിള്‍ വ്യക്തമാക്കി. ഇതോടെയാണ് വാക്കേറ്റം അവസാനിച്ചത്.
മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പ്രതികൾ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പൊലീസ് ചൂണ്ടിക്കാട്ടി. ക്രൂരമായ ബലാത്സംഗമാണ് വാഹനത്തിനുള്ളിൽ നടന്നത്. ഹോട്ടലിന് പുറത്തുവെച്ചും പാർക്കിങ് ഏരിയയിൽവെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിലും പ്രതി ഡിമ്പിളാണ് ഒത്താശ ചെയ്തതെന്നും റിപ്പോർട്ടിൽ വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.