കൊച്ചി: നഗരത്തിലെ അഴിയാത്ത ഗതാഗതക്കുരുക്കിൽ വലയുകയാണ് ജനം. പരിഹാര നടപടികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയുമാണ്. ഉത്സവകാലങ്ങളിലോ പ്രധാന അവസരങ്ങളിലോ രൂപപ്പെട്ടിരുന്ന നീണ്ട കുരുക്ക് ഇപ്പോൾ പതിവായതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലുമെത്തുന്നവരാണ് വലയുന്നത്. തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും ബസുകളെയും സ്വകാര്യ വാഹനങ്ങളെയും ആശ്ര യിക്കുന്നവർ മണിക്കൂറുകൾ കുരുക്കിൽകിടന്ന ശേഷമാണ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനോ കുരുക്കഴിക്കാനോ പൊലീസ് അടക്കമുള്ള സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പരാതി.
മെട്രോയും മേൽപാലങ്ങളുമെല്ലാം ഗതാഗത സൗകര്യങ്ങളിൽ മാറ്റംകൊണ്ടുവന്നിട്ടുണ്ടെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കറിയാതെ എത്തുന്നവർ കുടുങ്ങുന്ന സ്ഥിതിയാണിപ്പോൾ. എം.ജി റോഡ്, വളഞ്ഞമ്പലം, കടവന്ത്ര, വൈറ്റില, പേട്ട, തൃപ്പൂണിത്തുറ മുതൽ തിരുവാങ്കുളം വരെയും മേനക, ഹൈകോടതി ജങ്ഷൻ, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം തുടങ്ങി കാക്കനാട് വരെയും സീപോർട്ട്-എയർപോർട്ട് റോഡ്, ഇരുമ്പനം-കാക്കനാട് റോഡ് എന്നിവിടങ്ങളിലെല്ലാം കുരുക്കൊഴിഞ്ഞ നേരം അപൂർവമാണ്.
പ്രധാന റോഡുകളിലെ കുരുക്കിൽനിന്നൊഴിവാകാൻ വാഹനങ്ങൾ കൂട്ടത്തോടെ ഇടറോഡുകളെ ആശ്രയിക്കുമ്പോൾ ഈ റോഡുകളും വാഹനത്തിരക്കിനാൽ വീർപ്പുമുട്ടും. മെട്രോയുടെ വരവോടെ നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും കുരുക്കിന് മാത്രം കുറവില്ല. ഇതിനിടെയാണ് റോഡിലെ അറ്റകുറ്റപ്പണികളും വില്ലനാകുന്നത്. മെട്രോക്കുവേണ്ടി പാലാരിവട്ടം മുതൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളാണ് ഈ മേഖലയിലെ നിത്യകുരുക്കിന് കാരണം.
ജൽജീവൻ മിഷന്റെ പൈപ്പിടൽ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ മുല്ലശ്ശേരി കനാൽ റോഡ് അടച്ചതിനാൽ കിഴക്കൻ മേഖലയിലേക്കുള്ള കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ കൂട്ടത്തോടെ എം.ജി റോഡ് വഴിയാണ് യാത്ര. ഇതും യാത്രാദുരിതം ഇരട്ടിയാക്കുകയാണ്. റോഡ് അടച്ചതിൽ വ്യാപാരികളും പ്രതിഷേധത്തിലാണ്.
കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ മുന്നൊരുക്ക ജോലികൾമൂലം സ്വതവേ കുരുക്കിലായ പാലാരിവട്ടം-കാക്കനാട് റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പാലാരിവട്ടം ബൈപാസ് കഴിഞ്ഞ് സിവിൽ ലൈൻ റോഡിന്റെ ഒരുവശത്താണ് റോഡ് വീതികൂട്ടുന്ന പ്രവൃത്തി നടക്കുന്നത്. ഇതുമൂലം ചിലയിടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽതന്നെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് എറണാകുളം-കാക്കനാട് റൂട്ട്. പാലാരിവട്ടം കഴിഞ്ഞയുടൻ തുടങ്ങുന്ന കുരുക്ക് കാക്കനാട് കഴിഞ്ഞാലും അവസാനിക്കില്ല. റോഡിന് വീതികുറഞ്ഞ വാഴക്കാല, പടമുകൾ ഭാഗങ്ങളിലെത്തുമ്പോൾ കുരുക്ക് രൂക്ഷമാകും.
കുരുക്കിൽനിന്ന് രക്ഷനേടാൻ ബൈപാസിൽനിന്ന് വെണ്ണല-തുതിയൂർ-സീപോർട്ട് എയർപോർട്ട് റോഡിലൂടെയും പാലാരിവട്ടം പൈപ് ലൈൻ റോഡിലൂടെ കെന്നഡിമുക്ക്, എൻ.ജി.ഒ ക്വാർട്ടേഴ്സ് വഴിയും കാക്കനാട്ടേക്ക് പോകുന്നവരുടെ എണ്ണം വർധിക്കുകയാണ്.
ഇതിനോടൊപ്പമാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർ വരെയുള്ള റോഡിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ടാറിങ്ങും പകൽ ഇരുവശങ്ങളിലും കാന നിർമാണവുമാണ് നടക്കുന്നത്. ടാറിങ് നിലവിൽ തിരുവാങ്കുളം വരെയെത്തി. കാന നിർമാണമാകട്ടെ പാതയിൽ ഒരേസമയമാണ് പുരോഗമിക്കുന്നത്.കൂടാതെ ജൽജീവൻ മിഷന്റെ പൈപ്പ് മാറ്റൽ നടപടികളും റോഡുകളിൽ നടക്കുന്നുണ്ട്. ഇതെല്ലാം യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാണ് സൃഷ്ടിക്കുന്നത്.
കുരുക്ക് രൂക്ഷമായി പ്രതിഷേധമുയരുമ്പോൾ താൽക്കാലിക പരിഹാര നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ രംഗത്ത് വരുകയാണ് പതിവ്. പ്രതിഷേധങ്ങൾ കെട്ടടങ്ങുമ്പോൾ ഇവരും പിൻവാങ്ങും.
പുതുവത്സരത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ദുരിതം സൃഷ്ടിച്ചപ്പോൾ തിരക്കേറിയ ജങ്ഷനുകളിൽ രാവിലെയും വൈകീട്ടും കൂടുതൽ പൊലീസുകാരുടെ സേവനം ഉറപ്പാക്കി കുരുക്കഴിക്കുമെന്ന് സിറ്റി പൊലീസ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം പരീക്ഷണമാണെന്നും വിജയിച്ചാൽ സ്ഥിരം സംവിധാനമാക്കുമെന്നുമായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ, ഈ പരിഷ്കാരം രണ്ട് ദിവസമേ ഉണ്ടായുള്ളൂ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നെടുക്കുന്ന തീരുമാനങ്ങളും പലപ്പോഴും നടപ്പാക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.