തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് ഇ.ഡി അട്ടിമറിച്ചെന്നും ശനിയാഴ്ച കൊച്ചിയിൽ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാമെന്നതിന്റെ തെളിവാണ് ഇ.ഡിയുടെ കുറ്റപത്രം. ബി.ജെ.പിയുടെ വാലായി മാറിയ ഇ.ഡി രാഷ്ട്രീയപ്രേരിത ഇടപെടലാണ് നടത്തിയത്.
ബി.ജെ.പിക്കായി കുറ്റപത്രം മാറ്റിയെഴുതിയാണ് ഇ.ഡി കോടതിയിലെത്തിച്ചത്. കോടിക്കണക്കിന് രൂപ ബി.ജെ.പി ഓഫിസിലെത്തിച്ചെന്ന് ബി.ജെ.പി തൃശൂർ ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയുണ്ട്. എന്നാല്‍, ഇ.ഡി സതീഷിന്റെ മൊഴിയെടുത്തില്ല. കേരള പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ, തെളിവുകൾ മറച്ചുവെച്ച് രാഷ്ട്രീയ യജമാനന്മാരെ രക്ഷിക്കാനാണ് ഇ.ഡി ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.
തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെങ്കിൽ പിന്നാലെ ബി.ജെ.പി നേതാക്കൾ എത്തിയത് എന്തിനെന്ന്, നിർണായക വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി ജില്ല ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ്. ജില്ല നേതാക്കളും മേഖല ഭാരവാഹികളും അവിടെ എത്തിയിരുന്നു. പണം വന്ന വഴി ഇ.ഡി അന്വേഷിച്ചതേയില്ലെന്നും സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.കുഴൽപണം കവർച്ച ചെയ്യപ്പെട്ടപ്പോൾ ധർമരാജൻ ബി.ജെ.പി നേതാക്കളെ ബന്ധപ്പെടുകയും അവർ അവിടെ എത്തുകയുമായിരുന്നുവെന്നും സതീഷ് പറഞ്ഞു.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.പിയും സി.പി.എം നേതാവുമായ കെ. രാധാകൃഷ്ണന് സാവകാശം അനുവദിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ഏപ്രിൽ ഏഴിന് ശേഷം ഹാജരായാൽ മതിയെന്നാണ് നിർദേശം. ഇതിനായി ഏപ്രിൽ ആദ്യം നോട്ടീസ് നൽകും. എട്ടിന് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. ഇതുകൂടി പൂർത്തിയായ ശേഷമാകും അന്തിമ കുറ്റപത്രം സമർപ്പിക്കുക. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുമ്പ് രണ്ട് തവണ രാധാകൃഷ്ണന് നോട്ടീസ് നൽകിയിരുന്നു. ആദ്യം പാർലമെന്‍റ് സമ്മേളനവും പിന്നീട് അമ്മയുടെ മരണവും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് സ്വത്ത്, അക്കൗണ്ട് വിവരങ്ങളടക്കം ഇ.ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഇതിനകം രാധാകൃഷ്ണൻ ഹാജരാക്കിയിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന കാലത്ത് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണൻ. കള്ളപ്പണ ഇടപാടിലുടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിൽ എത്തി എന്നാണ് ഇ.ഡി നിഗമനം. ഇത് സംബന്ധിച്ച വിവരങ്ങളാകും രാധാകൃഷ്ണനിൽനിന്ന് തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.