ആലപ്പുഴ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തയെ ചോദ്യം ചെയ്യുന്നു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിൽവെച്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
ധർമരാജുമായി കെ.ജി. കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെയും കവർച്ച നടന്ന ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു.
നേരത്തേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി.ജെ.പി സംഘടന സെക്രട്ടറി ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവർ ഇന്ന് ഹാജരായേക്കും. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആർ.എസ്.എസ് നേതൃത്വം നിർദേശിച്ചുവെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ ജില്ല നേതാക്കളായ കെ.ആർ. ഹരി, സുജയ് സേനൻ എന്നിവരെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ചോദ്യം ചെയ്തപ്പോൾ ധർമരാജുമായും സുനിൽ നായിക്കുമായും ബന്ധമില്ലെന്നും സംഭവമുണ്ടായ ശേഷം വിളിച്ചപ്പോഴാണ് നേരിൽ കാണുന്നതെന്നുമാണ് ഇവർ മൊഴി നൽകിയത്.
എന്നാൽ, സംഘത്തിന് തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് നൽകിയതും കൊടകരയിൽ എത്തിയതും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തൃശൂരിലെത്തി പണം കൈമാറിയതിന്റെ സൂചനയും പൊലീസിന് ലഭിച്ചു. ഇവരെ വീണ്ടും വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതോടൊപ്പം കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
അതേസമയം, കൊടകര കുഴൽപണ കവർച്ചാകേസില്‍ പാലക്കാട്ടെ പ്രമുഖ ബി.ജെ.പി നേതാവിന്റെ ഡ്രൈവറും കസ്റ്റഡിയിലെന്ന് സൂചന. പാലക്കാട്ടു നിന്നുള്ള സംസ്ഥാന നേതാവിന് സംഭവവുമായി ബന്ധമുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡ്രൈവർ കസ്റ്റഡിയിലാവുന്നത്. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.