തൃശൂർ: ഇനിയും ഒരുപാട് സത്യങ്ങൾ പറയാനുണ്ടെന്ന് ബി.ജെ.പി തൃശൂർ ജില്ല ഓഫിസിൽ കുഴൽപണം എത്തിയ കാര്യം വെളിപ്പെടുത്തിയ തിരൂർ സതീഷ്. ‘അവർ ഇനിയുമിനിയും നുണകൾ പറയാൻ തയാറെടുക്കട്ടെ. അവയുടെ ഓരോന്നിന്റെയും മുന ഞാൻ തെളിവ് സഹിതമൊടിക്കാം’ -സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രത്യേക സംഘം അന്വേഷണം തുടങ്ങിയാൽ കുറെക്കൂടി കാര്യങ്ങൾ അറിയിക്കും. ‘ഒഴുകിയെത്തിയ പണത്തിൽനിന്ന് പങ്കുപറ്റി ലോറിയും മറ്റു വാഹനങ്ങളും വാങ്ങിയ നേതാക്കളെ അറിയാം.
ബി.ജെ.പി ജില്ല ഓഫിസ് സെക്രട്ടറിയാവുന്നതിനു മുമ്പ് ഞാൻ ഒറ്റപ്പാലം-തൃശൂർ റൂട്ടിൽ സ്വകാര്യ ബസിൽ ഡ്രൈവറായിരുന്നു. ഒരിക്കൽ ഒറ്റപ്പാലത്ത് ബസ് നിർത്തി ഇറങ്ങുമ്പോൾ യാത്രക്കാരൻ മറന്നുവെച്ച കവർ കണ്ടു. അത് തുറന്നപ്പോൾ 1,90,000 രൂപയും 40,000 രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുമായിരുന്നു. അത് പൊലീസിനെ ഏൽപിച്ച് ഉടമക്ക് കൈമാറിയവനാണ് ഞാൻ. ചാക്കുകെട്ടുകളിൽ പണം എത്തിയപ്പോൾ ഒരു രാത്രി മുഴുവൻ അതിന് കാവലിരുന്നതാണ്. അതിൽനിന്ന് കുറച്ച് കെട്ടുകളെടുക്കാമെന്ന് തോന്നിയിട്ടില്ല. വീട്ടിലെ പ്രയാസം കാരണം ജില്ല ഓഫിസിലെ ജോലിക്ക് വേതനം കൂട്ടിച്ചോദിച്ചിട്ട് തരാത്തതാണ് ജോലി വിടാൻ കാരണം. പാർട്ടി അംഗത്വമുള്ളയാളെ ജില്ല പ്രസിഡന്റിന് പുറത്താക്കാൻ ബി.ജെ.പിയിൽ സാധിക്കില്ലെന്നും സതീഷ് പറഞ്ഞു.
സതീഷിന്റെ വീടിന് പൊലീസ് കാവൽ
തൃശൂർ: ഭീഷണിയുണ്ടെന്ന് തിരൂർ സതീഷ് അറിയിച്ചതിനെത്തുടർന്ന് വീടിന് 24 മണിക്കൂർ പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് കാവലുള്ളത്.
അന്വേഷണം പ്രഹസനം -കെ.സി. വേണുഗോപാൽ
കോഴിക്കോട്: കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എന്തുകൊണ്ട് ഇ.ഡിയും ആദായനികുതി വകുപ്പും തയാറായില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി, ഐ.ടി വകുപ്പുകൾ ഇപ്പോൾ എവിടെയാണ്? ബി.ജെ.പിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പിണറായി വിജയന്റെ പൊലീസ് ഒന്നും ചെയ്തില്ല. ബി.ജെ.പിക്കെതിരെ വലിയൊരു ആയുധം കിട്ടിയിട്ട് നടപടിയെടുത്തില്ല. ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം വെറും പ്രഹസനമാണ്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അന്വേഷണത്തിന്റെ ആവേശം കുറയുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.