കൊച്ചി: കൊടകര കവർച്ചക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ഇ.ഡി, ആദായ നികുതി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. കുഴൽപ്പണ കവർച്ചക്കേസിലെ 51ാം സാക്ഷി സന്തോഷ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം. ഇ.ഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്ക് നോട്ടീസ് ഉത്തരവായ കോടതി, മൂന്നാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽനിന്ന് ബി.ജെ.പിക്കുവേണ്ടി കേരളത്തിൽ കള്ളപ്പണം എത്തിച്ചതായാണ് കേസ്. കേരളത്തിലേക്ക് കൊണ്ടുവന്ന 25 ലക്ഷം രൂപയും കാറും തൃശൂർ ജില്ലയിലെ കൊടകരയിൽവെച്ച് കൊള്ളയടിച്ചതിനെത്തുടർന്ന് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കണക്കിൽപെടാത്ത 3.5 കോടി രൂപകൂടി കൊള്ളയടിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഹരജിയിൽ പറയുന്നു. പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സംഭവത്തിൽ ഇ.ഡിയും ആദായനികുതി വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.