തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയത് ഒരുകോടിയോളം രൂപ. ബുധനാഴ്ച മാത്രം 11.96 ലക്ഷം രൂപ കണ്ടെടുത്തു. വാഹനാപകടമുണ്ടാക്കി 25 ലക്ഷം കവർന്നുവെന്ന പരാതിയിലെ അന്വേഷണത്തിലാണ് ഒരു കോടിയോളം രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച മൂന്നര കോടിയോളമാണ് കവർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. പരാതിയിൽ പറഞ്ഞതിനേക്കാൾ തുക കണ്ടെടുത്തതോടെ മൂന്നര കോടിയെന്ന ആരോപണം ശരിവെക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബാക്കി തുക കണ്ടെത്താനും കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്.
ഏപ്രിൽ മൂന്നിന് പുലർച്ച നാലിനാണ് ദേശീയപാതയിൽ കാറിൽ മറ്റൊരു കാർ ഇടിപ്പിച്ച ശേഷം വാഹനം തട്ടിക്കൊണ്ടുപോയി പണം കവർന്നത്. പണം നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശി ധർമരാജൻ, ഡ്രൈവർ ഷംജീർ വഴി കൊടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഇതുവരെ 19 പ്രതികളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതി രഞ്ജിത്തിെൻറ വെള്ളാങ്ങല്ലൂർ വെളിയനാട് വീട്ടിൽ പലയിടത്തായി ഒളിപ്പിച്ച 11.96 ലക്ഷം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ, പണം ഇല്ലെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രതി തെളിവുകൾ സഹിതം പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് കുടുങ്ങിയത്.
കസ്റ്റഡിയിലെടുത്ത പ്രതികളുടെ ചോദ്യംചെയ്യൽ പൂർത്തിയായി. അന്വേഷണ സംഘം വീണ്ടും വിലയിരുത്തൽ നടത്തും. രാഷ്ട്രീയബന്ധം അന്വേഷിക്കാനാണ് അടുത്ത നീക്കം. രണ്ടു ബി.ജെ.പി നേതാക്കളുടെ പങ്കിനെക്കുറിച്ച് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ ചോദ്യം ചെയ്യലിലേക്ക് കടക്കുംമുമ്പ് കൂടുതൽ വിവരശേഖരണത്തിനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.