തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലയില്‍ സി.പി.എമ്മുകാരായ പ്രതികള്‍ക്കെതിരെ കുറ്റം തെളിഞ്ഞിട്ടും അവരെ സംരക്ഷിക്കാനായി മേല്‍ക്കോടതിയിലേക്ക് പോകുമെന്ന സി.പി.എമ്മിന്‍റെ പ്രഖ്യാപനം കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറ് അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും കൊടുംക്രിമിനലുമായ കൊടി സുനിക്ക് മനുഷ്യാവകാശ കമീഷനെ മറയാക്കി സര്‍ക്കാര്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചത് പാര്‍ട്ടിക്കുള്ള ക്രിമിനല്‍ ബന്ധത്തിന് മറ്റൊരു തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ ഇട്ടിട്ടാണ് അമ്മയുടെ പേരും പറഞ്ഞ് കൊടി സുനിക്ക് പിണറായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ഈ നടപടിയെ നിയമപരമായി നേരിടും. കൊലപാതക കേസുകളില്‍ തുടരെ കോടതികളില്‍നിന്ന് തിരിച്ചടിയേറ്റിട്ടും പാഠം പഠിക്കാന്‍ സി.പി.എം തയാറാകുന്നില്ല. 1.14 കോടി രൂപ ഖജനാവില്‍നിന്ന് ചെലവിട്ടാണ് കൊലയാളികള്‍ക്കുവേണ്ടി സി.പി.എം നിയമപോരാട്ടം നടത്തിയത്. ഇനി നിയമപോരാട്ടം നടത്തുന്നതും ഖജനാവില്‍നിന്ന് പണമെടുത്താണ്. ഈ പണത്തിലൊരംശം കൃപേഷിന്റെയും ശര്തലാലിന്റെയും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സര്‍ക്കാറില്‍ അടക്കുന്ന നികുതിയില്‍നിന്നാണ്. ഇതു കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
കേസ് അട്ടിമറിക്കാന്‍ പരസ്യമായിട്ടാണ് സി.പി.എം ഇടപ്പെട്ടത്. കേസ് ഡയറിയും മൊഴിപ്പകര്‍പ്പുകളും പിടിച്ചുവെച്ചും കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ആദ്യം കേസുനടത്തിയ അഭിഭാഷകനെ മറുകണ്ടം ചാടിച്ചും പൊലീസ് അന്വേഷണത്തെ സ്വാധീനിച്ചും സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തും പതിനെട്ടടവും പയറ്റിയെങ്കിലും ഒടുവില്‍ നീതിസൂര്യന്‍ ഉദിച്ചുയരുക തന്നെ ചെയ്തു. അത് അംഗീകരിക്കാന്‍ തയാറാകത്ത സി.പി.എം നേതാക്കളുടെ മനസ് കൊലയാളികളുടേതിനേക്കാള്‍ ഭയാനകമാണ്. പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയും സാമ്പത്തിക സഹായവും സംരക്ഷണവുമെല്ലാം സി.പി.എം പതിവുപോലെ ഏര്‍പ്പാടാക്കി. പ്രതികളുടെ മൊഴി വേദവാക്യമാക്കിയ പൊലീസിന്റെ കുറ്റപത്രം ഹൈകോടതി റദ്ദാക്കി ഇല്ലായിരുന്നില്ലെങ്കില്‍ സി.പി.എമ്മിന്റെ തിരക്കഥ അനുസരിച്ച് കേസ് ചുരുട്ടിക്കെട്ടുമായിരുന്നു.
സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. നിലവില്‍ 24 പ്രതികളാണ് ഉള്ളതെങ്കിലും ഗൂഢാലോചന നടത്തിയവരുടെ പട്ടിക ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമനും മുകളിലേക്കു നീളും. എല്ലാ പ്രതികളും സി.പി.എം ഭാരവാഹികളോ, അംഗങ്ങളോ, അനുഭാവികളോ ആണ്. അതിനാലാണ് അവരെ രക്ഷപ്പെടുത്താന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഒന്നടങ്കം വ്യഗ്രത കാട്ടുന്നത്. കോടതി കുറ്റമുക്തരാക്കിയവരുടെ പങ്കു തെളിയിക്കുന്നതിനായി കോണ്‍ഗ്രസും നിയമപോരാട്ടം തുടരുമെന്ന് സുധാകരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.