തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അർഹർ തഴയപ്പെടുന്നെന്നും അദ്ദേഹം തുറന്നടിച്ചു.
മുൻ കാലങ്ങളിൽ ചർച്ചയിലൂടെയും അനുരഞ്ജനത്തിലൂടെയുമാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. അതില്ലാതെ വരുമ്പോൾ പാർട്ടിയിൽ അതൃപ്തരുണ്ടാകും. പുതിയ കെ.പി.സി.സി അംഗങ്ങളെ നോമിനേറ്റ് ചെയ്ത് പട്ടിക തയാറാക്കിയതിൽ കൂടിയാലോചനയുണ്ടായില്ല.
പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടവരെക്കാൾ യോഗ്യർ പുറത്തുണ്ട്. യോഗ്യതയുള്ളവർ തഴയപ്പെടുന്നത് പാർട്ടിക്ക് നല്ലതല്ല. ഗ്രൂപ് വേണ്ടെന്ന കാഴ്ചപ്പാടിനോട് താനും യോജിക്കുന്നു. എന്നാൽ, പ്രധാന നേതാക്കളുടെ താൽപര്യങ്ങളും ഭാരവാഹി നിയമനങ്ങളിൽ സംരക്ഷിക്കണം.
ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടന പട്ടിക തയാറാക്കുമ്പോൾ എ.ഐ.സി.സി പ്ലീനറി അംഗീകരിച്ച ഭരണഘടനാ ഭേദഗതി പാലിക്കണം. പട്ടികജാതി-വർഗക്കാർക്കും പിന്നാക്കർ, വനിതകൾ, യുവാക്കൾ തുടങ്ങിയവർക്കും പദവികളിൽ 50 ശതമാനം നീക്കിവെക്കണം. ഭരണഘടനാ ഭേദഗതി നടപ്പായശേഷം ആദ്യം പുനഃസംഘടന നടക്കുന്ന കേരളത്തിൽ അതു നടപ്പാക്കാതിരുന്നാൽ ആക്ഷേപത്തിനിടയാക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. കൊടിക്കുന്നിലിന്റെ ചില വാദങ്ങളോട് വി.ടി. ബൽറാമും കെ. ജയന്തും വിയോജിച്ചെങ്കിലും നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിന്നു. അതേസമയം, കൂടിയാലോചനകൾ വേണമെന്ന കൊടിക്കുന്നിലിന്റെ അഭിപ്രായത്തോട് എ.എ. ഷുക്കൂർ, ബാബുപ്രസാദ് എന്നിവർ യോജിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്തും പരിഗണിച്ചും മാത്രമേ പാർട്ടി മുന്നോട്ടുപോകൂവെന്ന് പ്രസിഡന്റ് കെ. സുധാകരൻ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.