തിരുവനന്തപുരം: തന്നോടുള്ള താൽപര്യം കൊണ്ട് വൈകാരികമായി സംസാരിക്കുന്ന പ്രവർത്തകർ അതിൽ നിന്ന് പിന്മാറണമെന്ന് കൊടിക്കുന്നിൽ സുേരഷ്. കോൺഗ്രസ് പാർട്ടിയിലെ എന്തെങ്കിലും ചുമതല ആരെങ്കിലും പത്രസമ്മേളനം നടത്തി തീരുമാനം എടുക്കാൻ കഴിയും എന്ന് കരുതുന്നവനല്ല താനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
താൻ ഇപ്പോഴും പോസ്റ്ററൊട്ടിക്കുകയും വാർഡിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിക്കുകയും യൂണിറ്റ് സമ്മേളനങ്ങൾക്ക് കഴിയുന്നത്ര ആളെ കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ കെപിസിസി പ്രസിഡന്‍റ് ആകണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തിൽ പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ആദ്യം തന്നെ പറയട്ടെ ആരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നും, എന്താണ് കൊടിക്കുന്നിൽ സുരേഷിന്റെ അയോഗ്യതയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ഞാൻ അടക്കമുള്ള പലനേതാക്കളും പലരീതിയിൽ യോഗ്യതകൾ ഉള്ളവരാണെന്നും പറഞ്ഞതിനെ മാധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ ഭാഗീകമായി അവതരിപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസ് പാർട്ടിയിലെ എന്തെങ്കിലും ചുമതല ആരെങ്കിലും പത്രസമ്മേളനം നടത്തി തീരുമാനം എടുക്കാൻ കഴിയും എന്ന് കരുതുന്നവരല്ല ഞാൻ അടക്കമുള്ള ഒരു കോൺഗ്രസ്സുകാരനും.
സമൂഹത്തിന്‍റെ കീഴ്തട്ടിൽ നിന്ന് സാധാരണ പ്രവർത്തകനായി ഉയർന്നു വന്ന ആളാണ് ഞാൻ. പാർട്ടി എന്നെ പല ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കുകയും അതൊക്കെ ഞാൻ സന്തോഷത്തോടെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സമയത്ത് തമിഴ്നാട് ഇലക്ഷനിലെ സ്ഥാനാർഥി നിർണയ കമ്മിറ്റിയെ നയിച്ചു കൊണ്ട് വലിയ വിജയം കോൺഗ്രസ് പാർട്ടിക്ക് നൽകാനായത് വരെ സംതൃപ്തിയോടെ ഓർക്കുന്നു. ഇക്കാലമത്രയും പാർട്ടിയിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള വിവേചനം ഞാൻ അനുഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, വിയോജിപ്പുകൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്കും സംവാദാത്മകമായ ഇടം ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന പൂർണബോധ്യവും എനിക്കുണ്ട്. ഒരുപാട് ഉത്തരവാദിത്വങ്ങളും അധികാരസ്ഥാനങ്ങളും തുടർച്ചയായി എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതും, മുമ്പ് പല തവണയും ഈ തവണയും കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചതും കോൺഗ്രസ് തന്നെയാണ്.
നാളെ പാർലമെന്‍ററി പൊളിറ്റിക്‌സിൽ നിന്ന് മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാകും എന്ന് എന്നോട് ചോദിച്ചാൽ ഒന്നുമുണ്ടാവില്ല എന്ന് പറയാൻ കഴിയും എന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കാരണം ഞാനിപ്പോഴും പോസ്റ്ററൊട്ടിക്കുകയും വാർഡിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിക്കുകയും യൂണിറ്റ് സമ്മേളനങ്ങൾക്ക് കഴിയുന്നത്ര ആളെ കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കോൺഗ്രസുകാരനാണ്. അത് തന്നെയാണ് ഇപ്പോഴും എപ്പോഴും എന്‍റെ മേൽവിലാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.