തൊഴിലാളികളെ പണിമുടക്കിൽ നിന്ന് വിലക്കിയത് തെറ്റ്: ഹൈകോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങൾ പരിഗണിക്കണമെന്നും സമരവിരുദ്ധ ഹരജി പരിഗണിച്ച കോടതി ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേൾക്കാൻ തയാറായില്ലെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.

ഹൈകോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഹൈകോടതി ഇടക്കാല സ്‌റ്റേ നൽകിയതിനെയും കോടിയേരി വിമര്‍ശിച്ചു.

'പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും പരിഗണിക്കണിക്കേണ്ട ഉത്തരവാദിത്തം നീതിപീഠങ്ങള്‍ക്കുണ്ട്. പക്ഷേ സമര വിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും മുന്‍പ് സമരം ചെയ്യുന്ന ട്രേഡ് യൂണിയനുകളുടെയോ ഇതര സംഘടനകളുടെയോ അഭിപ്രായം കേള്‍ക്കാനും കോടതി തയ്യാറായില്ല. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന എത്രയോ വിഷയങ്ങളിലെ ഹരജികള്‍ മാസങ്ങള്‍ സമയമെടുത്ത് പരിഗണിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. പല സമയത്തും ഹരജികള്‍ കോടതി അടിയന്തരമായി പരിഗണിച്ചു.

സർക്കാരിനെതിരായ ഹർജി സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഹൈകോടതി സിംഗിൾ ബെഞ്ച് പദ്ധതിപ്രവർത്തനം സ്തംഭിപ്പിച്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. സിൽവർ ലൈൻ പദ്ധതി തടയാൻ പ്രതിപക്ഷവും തീവ്ര മതശക്തികളും കോടതിയെ ആയുധമാക്കിയെന്നും സുപ്രീംകോടതി ഉത്തരവ് അത്തരക്കാർക്ക് കനത്ത പ്രഹരമായെന്നും കോടിയേരി പറഞ്ഞു.

അഭിമാനകരമായ പദ്ധതി തടസ്സപ്പെടുക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രീംകോടതി ഉത്തരവ് കീഴ്‌കോടതികളിലെ ജഡ്ജിമാർക്ക് തെറ്റു തിരുത്താൻ അവസരം നൽകുന്നതാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.  

Tags:    
News Summary - Kodiyeri Balakrishnan criticizes the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.