കോഴിക്കോട്: യു.ഡി.എഫിന് ഉമ്മൻ ചാണ്ടി എന്നപോലെ എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് പ്രചാരണ പോർക്കളത്തിൽ ഇത്തവണത്തെ വലിയ നഷ്ടങ്ങളിലൊന്ന് കോടിയേരി ബാലകൃഷ്ണന്റെ വിയോഗമാണ്. അര്‍ബുദ ബാധിതനായ അദ്ദേഹം 2022 ഒക്ടോബർ ഒന്നിനാണ് വിടവാങ്ങിയത്.
പാർട്ടി സെക്രട്ടറി എന്നനിലയിലും അതിനുമുമ്പും നിരവധി ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ നയിച്ചയാളാണ് കോടിയേരി. പാർട്ടി തോൽക്കുമ്പോൾ അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്താനാവശ്യമായ നടപടികൾക്കും മടികാണിക്കാത്ത നേതാവ്.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തോളോട് തോൾ ചേർന്നെങ്കിലും, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭവും രാഹുൽഗാന്ധി കേരളത്തിൽ വന്ന് മത്സരിച്ചതും ന്യൂനപക്ഷങ്ങൾ ഒന്നടങ്കം യു.ഡി.എഫിനൊപ്പം നിന്നതുമെല്ലാം പാർട്ടിയെ വലിയ പരാജയത്തിലാണ് എത്തിച്ചത്.
പാർട്ടി തകർന്നു എന്ന് പലരും ചരമക്കുറിപ്പെഴുതിയപ്പോൾ ചരിത്രത്തിലാദ്യമായി ഇടതു സർക്കാറിന് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാവുന്നതാണ് പിന്നീടുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. കോടിയേരി എന്ന ഉശിരൻ നേതാവിലെ നേതൃഗുണവും സംഘാടനപാടവവും ഈ നേട്ടത്തിനുപിന്നിലെ ചാലകശക്തിയായിരുന്നു.
1953 നവംബര്‍ 16ന് കണ്ണൂരിലെ സാധാരണ കുടുംബത്തിൽ ജനിച്ച് കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ പൊതുരംഗത്തെത്തിയ കോടിയേരി 16ാം വയസ്സിലാണ് പാർട്ടി അംഗമാകുന്നത്. കേരളമാകെ മിച്ചഭൂമി സമരം നടന്ന 1970ൽ ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായി ‘സമര ജീവിതം’ ആരംഭിച്ചു.
പിന്നീട് ലോക്കൽ സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി, 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുതവണ തലശ്ശേരി എം.എൽ.എ, പ്രതിപക്ഷ ഉപനേതാവ്, വി.എസ്. അച്യുതാനന്ദൻ സർക്കാറിൽ ആഭ്യന്തര, ടൂറിസം മന്ത്രി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, മൂന്നുവട്ടം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിൽ ശിക്ഷയനുഭവിച്ച കോടിയേരിയെ സി.പി.എമ്മിലെ സൗമ്യമുഖങ്ങളിലൊരാളായി കണ്ടവരേറെയാണ്.
ഒരേസമയം കരുത്തനും സൗമ്യനുമായ കോടിയേരിയുടെ അസാന്നിധ്യം തെരഞ്ഞെടുപ്പ് പോർക്കളത്തിൽ സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇത്തവണ വലിയൊരു വിടവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.