തൃശൂർ: അധികാരത്തിലിരുന്നപ്പോൾ മതന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ കഴിയാത്തവരുമായി ഇപ്പോൾ എങ്ങനെ കൂട്ടുകൂടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2004 ൽ പിന്തുണ നൽകിയപ്പോൾ ബി.ജെ.പിയെ ഒറ്റപ്പെടുത്താനാവാത്ത കോൺഗ്രസാണ് സി.പി.എമ്മിെൻറ മുഖ്യശത്രു ആരാണെന്ന് ചോദിക്കുന്നതെന്ന് അദ്ദേഹംകുറ്റപ്പെടുത്തി. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി അധ്യക്ഷ പദവിയിൽ അമ്മക്ക് പകരം മകൻ വന്നു എന്നതല്ലാതെ ഒരുമാറ്റവും കോൺഗ്രസിൽ ഉണ്ടായിട്ടില്ല. ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ആർ.എസ്.എസിനെതിരെ വിശാല സഖ്യം രൂപവത്കരിക്കേണ്ടി വന്ന സമയത്തെല്ലാം അത് സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്.
കോർപറേറ്റുകൾക്ക് വേണ്ടി മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും രാജ്യം ഭരിച്ചത്. ഹിന്ദുത്വം എന്നു പേരിട്ട് ബി.ജെ.പിയും ബൂർഷ്വ, ഭൂപ്രഭുത്വ ഭരണത്തിലൂടെ കോൺഗ്രസും കോർപറേറ്റുകളുടെ വളർച്ചയെ സഹായിച്ചു. രാജ്യത്തെ സമ്പത്തിെൻറ 60 ശതമാനവും കൈയാളി വെച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന ധനിക വർഗമാണ്. നയപരമായി യോജിപ്പുള്ള കക്ഷികൾ ചേർന്ന് രാജ്യത്ത് പുതിയ രാഷ്ട്രീയ പുനരേകീകരണത്തിനു ശ്രമിക്കേണ്ട സമയമാണ്. ആർ.എസ്.എസിനെതിരായ പോരാട്ടത്തിൽ ഒരു പ്രത്യയശാസ്ത്രം കോൺഗ്രസിനില്ല.
സംസ്ഥാനത്ത് ശത്രുപക്ഷത്തു നിൽക്കുന്ന പല പാർട്ടികളും ഇടതുപക്ഷത്തേക്ക് വരും. അവരെ ആകർഷിക്കത്തക്ക തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ബേബിജോൺ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ബി.ബിജു എം.പി, കെ.പി.എ.സി ലളിത,ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണൻ, മേയർ അജിത ജയരാജൻ, എൻ.ആർ. ബാലൻ, സി.പി. നാരായണൻ, കെ.പി. മേരി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.