കണ്ണൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി നൽകുന്നവർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റും. പദ്ധതിക്കെതിരെ കോ.ലീ.ബി സഖ്യം രംഗത്തിറങ്ങിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന് വാശിയാണ്. പൂർണമായും രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് എതിർപ്പിന് പിന്നിലുള്ളത്.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കും. സമ്മേളനത്തിന് ശേഷം പാർട്ടി പ്രവർത്തകർ അതിനായി രംഗത്തിറങ്ങണം. കോൺഗ്രസുകാർ പോലും കെ-റെയിലിനെ അനുകൂലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി കോൺഗ്രസിൽ പ്രസംഗിച്ച കെ.വി. തോമസിന്റെ നിലപാട് അതിന് ഉദാഹരണമാണ്.
പാർട്ടി കോൺഗ്രസിനെക്കുറിച്ച് മാധ്യമങ്ങൾ എഴുതിയതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ബംഗാൾ-കേരള ചേരികൾ തമ്മിൽ കടുത്ത ഭിന്നതയുണ്ടെന്നാണ് മാധ്യമങ്ങൾ എഴുതിയത്. എന്നാൽ സി.പി.എം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് പാർട്ടി കോൺഗ്രസ്. മാധ്യമങ്ങൾ ഉദ്ദേശിച്ചതുപോലെ ഒന്നും നടന്നില്ല. മാധ്യമങ്ങളുടെ സൂക്കേട് ഒരുകാലത്തും അവസാനിക്കില്ല. അത്തരം പ്രചാരണവേലകൾ ഒന്നും നടക്കില്ല. മാധ്യങ്ങൾ എഴുതുന്നതിന് അനുസരിച്ച് പാർട്ടി ശക്തിപ്പെടുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.