വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞത് കോൺഗ്രസെന്ന് കോടിയേരി 

തിരുവനന്തപുരം: വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് കോൺഗ്രസുകാരായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുകാരുടെ പ്രതിഷേധം മത്സ്യ തൊഴിലാളികളുടെ പ്രതിഷേധമായി മാധ്യമങ്ങൾ ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. 

സർക്കാറിന് ചെയ്യാൻ കഴിയുന്നതിന്‍റെ പരമാവധി ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ട്വിറ്റർ പോലുമുണ്ടായില്ല എന്നത് ശുഭകരമല്ല. 
പ്രകൃതിക്ഷോഭാനന്തര ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഒരുവിധത്തിലുള്ള പ്രാദേശിക മനോഭാവവും രാഷ്ട്രീയ വിവേചനവും കേന്ദ്ര സര്‍ക്കാര്‍ കാണിക്കരുത്. തമിഴ്നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും എന്നാല്‍, കേരള മുഖ്യമന്ത്രിയോട് ആ സമയത്ത് ആരായാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഉചിതമായില്ല. ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് വരുന്നു എന്നറിഞ്ഞതിനെ തുടര്‍ന്ന് ദുരിതാശ്വാസത്തിനിറങ്ങാന്‍ ട്വിറ്റ് ചെയ്ത മോഡിയുടെ നടപടിയോട് വിയോജിക്കുന്നില്ല. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് പ്രതിരോധസേനയുടെ സംവിധാനങ്ങള്‍ നല്‍കുന്നതിലും കേന്ദ്രമന്ത്രിമാരെ കേരളത്തിലേക്ക് അയക്കുന്നതിലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനും ഉയര്‍ന്നതോതിലുള്ള മറ്റ് നഷ്ടപരിഹാരനടപടികള്‍ സ്വീകരിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനകം തീരുമാനമെടുക്കുകയും പ്രത്യേകം പാക്കേജ് തയ്യാറാക്കുകയും ചെയ്തിരിക്കുകയാണ്. ഓഖി ചുഴലിദുരന്തത്തെ ദേശിയദുരന്തമായി പ്രഖ്യാപിച്ച് അനന്തരനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രകൃതിക്ഷോഭംപോലെയുള്ള ദുരന്തങ്ങളെ നേരിടുന്നതില്‍ പ്രാദേശികം, രാഷ്ട്രീയം തുടങ്ങിയ വിവേചനങ്ങള്‍ ഒന്നും പാടില്ല. എന്നാല്‍, പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കളും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നത് ഏറെ കഷ്ടമാണെന്നും കോടിയേരി ലേഖനത്തിൽ കുറിച്ചു. 

Tags:    
News Summary - Kodiyeri Balakrishnan on Vizhinjam Congress-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.