ജമാഅത്തെ ഇസ്‍ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ, സി.പി.എം സംസ്ഥാന ​സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കോടിയേരിയുടെ പ്രസ്താവന കമ്യൂണിസ്റ്റ് വിരുദ്ധം, പ്രത്യയശാസ്ത്ര സംവാദത്തിൽ നിന്ന് ഒളിച്ചോടരുത് -പി. മുജീബുറഹ്മാൻ

കോഴിക്കോട്: കമ്യൂണിസ്റ്റ് പാർട്ടിയിൽ മതവിശ്വാസികൾക്ക് ചേർന്നു പ്രവർത്തിക്കാമെന്ന സി.പി.എം സംസ്ഥാന ​സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​ന്റെ പ്രസ്താവന കമ്യൂണിസ്റ്റ് ആശയത്തിന് കടകവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ. പ്രായോഗിക രാഷ്ട്രീയത്തിൽ സാമൂഹ്യ സാഹചര്യത്തി​ന്റെ തേട്ടമെന്ന നിലയിൽ സി.പി.എമ്മുമായി നിരവധി തവണ രാഷ്ട്രീയ നീക്കുപോക്കുകൾക്ക് സമുദായം വിശാലത കാണിച്ചിട്ടുണ്ട്. സംഘ് പരിവാർ ശക്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയും സമാനമായ സന്ദർഭങ്ങർ വന്നേക്കാം. എന്നാൽ, സൈദ്ധാന്തിക വിലയിരുത്തലിൽ തുറന്നതും സത്യസന്ധവുമായ വിശകലനം അനിവാര്യമാണ്. ആശയപരമായി കമ്യൂണിസത്തിന് മത വിശ്വാസത്തെയും വിശ്വാസികളെയും അംഗീകരിക്കാനാവില്ല. പ്രത്യയശാസ്ത്ര സംവാദത്തിൽ നിന്ന് കോടിയേരി ഒളിച്ചോടരുത് -അദ്ദേഹം വ്യക്തമാക്കി.

മുജീബുറഹ്മാ​ൻ എഴുതിയ കുറിപ്പി​ന്റെ പൂർണരൂപം:

കമ്യൂണിസ്റ്റ് പാർട്ടിയിൽ മതവിശ്വാസികൾക്ക് ചേർന്നു പ്രവർത്തിക്കാമെന്ന സി.പി.എം പാർട്ടി സെക്രട്ടറിയുടെ ഒടുവിലത്തെ പ്രസ്താവന കമ്യൂണിസ്റ്റ് ആശയത്തിന് കടകവിരുദ്ധവും മതവിശ്വാസികൾക്ക് മുമ്പിൽ തങ്ങളുടെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതിലുള്ള ജാള്യതയുമാണ് പ്രകടമാക്കുന്നത്. പ്രത്യയശാസ്ത്ര സംവാദത്തിൽ നിന്ന് കോടിയേരി ഒളിച്ചോടരുത്. ആശയപരമായി കമ്യൂണിസത്തിന് മത വിശ്വാസത്തെയും വിശ്വാസികളെയും അംഗീകരിക്കാനാവില്ല.

പ്രായോഗിക രാഷ്ട്രീയത്തിൽ സാമൂഹ്യ സാഹചര്യത്തിൻ്റെ തേട്ടമെന്ന നിലയിൽ ഇന്ത്യയിലും കേരളത്തിലുമെല്ലാം സി.പി.എമ്മുമായി നിരവധി തവണ രാഷ്ട്രീയ നീക്കുപോക്കുകൾക്ക് സമുദായം വിശാലത കാണിച്ചിട്ടുണ്ട്. സംഘ് പരിവാർ ശക്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയും സമാനമായ സന്ദർഭങ്ങർ വന്നേക്കാം, എന്നാൽ സൈദ്ധാന്തികമായ വിലയിരുത്തലിൽ തുറന്നതും സത്യസന്ധവുമായ വിശകലനം അനിവാര്യമാണ്.

അത് കൊണ്ടാണ് സി.പി.എം നിലപാടിനെക്കുറിച്ച് സാർ ചക്രവർത്തിയിൽ നിന്നും ഉസ്മാൻ(റ)വി​ന്റെ മുസ്ഹഫ് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്‌ലിംകളെ യുദ്ധമുഖത്തിറക്കിയ സഖാവ് ലെനിൻ്റെയും സ്റ്റാലിൻ്റെയും അതേ തന്ത്രം തന്നെയാണെന്ന് പറയേണ്ടി വരുന്നത്. മർക്സിയൻ തിയറിക്കെതിരിലാണ് സെക്രട്ടറി സംസാരിക്കുന്നത്. അതുകൊണ്ടല്ലേ കമ്യൂണിസം ഭരിച്ച രാജ്യങ്ങളിൽ

പള്ളികൾ മ്യൂസിയങ്ങളായി മാറിയത്. മതപഠനകേന്ദ്രങ്ങൾ അടച്ച് പൂട്ടിയത്. വിശ്വാസികൾ നാടുകടത്തപ്പെട്ടതും ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്തത്.

ചൈനയിലെ ഉയിഗൂരിൽ പൗരത്വം നിരാകരിക്കപ്പെട്ട് കുടിയിറക്കപ്പെട്ട മുസ്‌ലിംകളും ചെങ്കൊടി നാട്ടി തകർത്ത ശേഷം ടോയിലറ്റാക്കി മാറ്റിയ മസ്ജിദുകളും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കമ്യൂണിസം തുടർന്നുപോരുന്ന മുസ്‌ലിംവിരുദ്ധ ചെയ്തികളുടെ പുതിയ മാതൃകയാണ്.

ഇത്തരം ആശയവും ആഗോള കമ്യൂണിസ്റ്റ് മാതൃകകളും മാറ്റിവെച്ച് കമ്യൂണിസത്തിനും മുസ്‌ലിം മതന്യൂനപക്ഷത്തിനുമിടയിൽ നടക്കുന്ന ഏതൊരു സംവാദവും കാപട്യമായിരിക്കും. കേരളത്തിലാകട്ടെ, പള്ളി കാക്കാൻ രക്തസാക്ഷിയായ തലശ്ശേരിയിലെ കുഞ്ഞിരാമ​ന്റെ കഥയാണ് സി.പി.എം എപ്പോഴും പറയാറുള്ളത്. ആ കഥ പൊളിയാൻ പ്രസ്തുത വിഷയത്തിലുള്ള കമ്മീഷൻ റിപ്പോർട്ട് ഒരാവർത്തി വായിച്ചാൽ മാത്രം മതി.

നവനാസ്തികതയുടെയും ലിബറലിസത്തിൻ്റെയും ചുമലിലേറി മുസ്‌ലിം സാമൂഹ്യ- സാംസ്കാരിക ജീവിതത്തിലേക്കും വിശ്വാസാചാരങ്ങളിലേക്കും കടന്നാക്രമണം നടത്തുന്ന പുതിയ കമ്യൂണിസ്റ്റ് ശൈലി മുസ്‌ലിം ആദർശ ജീവിതത്തിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്. വ്യക്തിജീവിതത്തിലെ ധാർമിക പരിധികൾ തകർത്തെറിയുന്ന, കുടുംബം എന്ന മൂല്യവത്തായ സംവിധാനത്തെ നിരാകരിക്കുന്ന,

ഉദാര ലൈംഗികതയെ പ്രമോട്ട് ചെയ്യുന്ന, അതിനായി ജെന്റർ ന്യൂട്രൽ സിസ്റ്റത്തിലേക്ക് കേരളത്തി​ന്റെ സാമൂഹ്യഘടനയെ മാറ്റാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് നീക്കം പ്രകൃതിവിരുദ്ധമാണ്; മൂല്യവിരുദ്ധമാണ്; അതിനാൽതന്നെ ഇസ്‌ലാംവിരുദ്ധവുമാണ്.

കമ്യൂണിസം ചരിത്രപരമായി തുടർന്നുപോരുന്ന ഈ മുസ്‌ലിംവിരുദ്ധ നീക്കങ്ങളെക്കുറിച്ച സമുദായത്തിൻ്റെ തിരിച്ചറിവാണ് പാർട്ടി സെക്രട്ടറിയുടെ പുതിയ പ്രസ്താവനക്ക് നിർബന്ധിത സാഹചര്യമൊരുക്കിയിരിക്കുന്നത്. എന്നാലിത് ലെനിനും സ്റ്റാലിനും അവതരിപ്പിച്ച അവസരവാദ മുസ്‌ലിം പ്രണയ തിരക്കഥയുടെ പുതിയ കോപ്പിയാണെന്ന് മനസ്സിലാക്കാൻ സമുദായം ഇന്ന് വളർന്നിരിക്കുന്നു എന്നത് മനസ്സിലാക്കുന്നത് നന്ന്.

Tags:    
News Summary - Kodiyeri's statement is anti-communist and should not run away from ideological debate -P. Mujibur Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.