കൊച്ചി: ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. അടുത്തയാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചു.
ലൈഫ് മിഷൻ ഇടപാടിൽ കമീഷനായി ലഭിച്ച ഐ ഫോണുകളിലൊന്നിൽ ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം കാർഡിട്ടാണ് എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് വിളിച്ചുവരുത്തുന്നതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നു. 1.13 ലക്ഷം രൂപ വിലയുള്ള ഫോണിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നതെന്ന് ഐ.എം.ഇ.ഐ നമ്പർ പ്രകാരം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിളിച്ചുവരുത്തുന്നത്. സ്വർണക്കടത്ത് കേസ് വന്നതിനുപിന്നാലെ ഈ നമ്പർ സ്വിച്ഓഫായി. അതിനുശേഷവും മറ്റാരൊക്കെയോ ഈ ഫോൺ ഉപയോഗിച്ചതായി കസ്റ്റംസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫോൺ ഉപയോഗിച്ചിരുന്നോ എന്നും എവിടെനിന്നാണ് കിട്ടിയതെന്നും ആർക്കാണ് കൈമാറ്റം ചെയ്തതെന്നും വിശദീകരിക്കാൻ കസ്റ്റംസ് വിനോദിനിയോട് ആവശ്യപ്പെടും. കണ്ടെത്തലുകളും മറുപടിയും കൂട്ടിച്ചേർത്തുള്ള അന്വേഷണമാകും പിന്നീടുണ്ടാകുക. ഈ ഫോണിൽനിന്ന് നിരവധി പ്രമുഖർക്ക് കാളുകൾ പോയെന്നും വിവരമുണ്ട്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ നിർദേശപ്രകാരം യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ കമീഷനായാണ് ഐ ഫോണുകൾ കൈമാറിയത്. ഇക്കാര്യം ഹൈകോടതിയിലാണ് സന്തോഷ് ഈപ്പൻ ആദ്യം വെളിപ്പെടുത്തിയത്. ഇതോടൊപ്പം വാങ്ങിയ മറ്റു ഫോണുകൾ ഉപയോഗിച്ചവരെ കസ്റ്റംസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഏറ്റവും വിലകൂടിയ ഫോൺ ഉപയോഗിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്നില്ല.
യു.എ.ഇ കോൺസൽ ജനറലിന് ഫോൺ സമ്മാനിച്ചതായി വിവരങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹം അത് തിരികെ നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. സന്തോഷ് ഈപ്പൻ നൽകിയ ഒരു ഐ ഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉപയോഗിച്ചതെന്ന ആരോപണവും ആദ്യഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. ചെന്നിത്തല ഇത് നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.