മുണ്ടക്കയം: മലയോരത്തെ തകർത്ത ദുരന്തത്തിന് മൂന്ന് വയസ്സ് തികയുമ്പോഴും പരിഹാരമില്ലാതെ പരാതികൾ.
2021 ഒക്ടോബര്‍ 16നായിരുന്ന കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളെ തകർത്ത ഉരുൾപൊട്ടൽ ദുരന്തം.
മേഖലയില്‍ 23ഓളം പേരുടെ ജീവന് അപഹരിച്ച ഉരുള്‍പൊട്ടല്‍ ഇപ്പോഴും നാടിന്റെ ദുഃഖമായി അവശേഷിക്കുകയാണ്. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തിലെ ചാത്തന്‍പ്ലാപ്പള്ളി, കാവാലി എന്നിവിടങ്ങളിലായാണ് 23 പേരുടെ ജീവൻ അപഹരിച്ചത്.
രണ്ടായിരത്തോളം വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട മഹാദുരന്തത്തില്‍ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഒഴുകിപ്പോയി.
ഉരുൾപൊട്ടലുണ്ടായ കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിക്കാരുടെ ദുരിതം ഒഴിയുന്നില്ല. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തോട് ചേർന്നുള്ള ഭാഗങ്ങളും അപകടമേഖലയിൽ ആയതിനാൽ ഈ ഭാഗത്തെ മുഴുവർ കുടുംബങ്ങളും ഒഴിയണമെന്ന് കലക്ടർ ഉത്തരവിറക്കി.
മേഖലയിലെ നാല്പതോളം കുടുംബങ്ങള്‍ മാറി താമസിക്കണമെന്ന് ജില്ല ഭരണകൂടം കർശനനിർദേശം നൽകിയതതോടെ കാലങ്ങളായുളള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ഇവർ താമസം മാറ്റി. ജില്ലക്ക് പുറത്ത് വാടകക്കും ബന്ധുവീടുകളിലും താമസം മാറ്റിയ പലര്‍ക്കും പ്രതിസന്ധികളില്‍നിന്ന് കരകേറാനായിട്ടില്ല. ദുരന്തകാലത്ത് സ്ഥലത്തെത്തിയ സ്ഥലം എം.എല്‍.എ പ്രദേശത്തു നിന്നും താമസം മാറ്റുന്നതില്‍ വിഷമിക്കേണ്ടന്നും മറ്റൊരിടത്ത് സ്ഥലം വാങ്ങി പുതിയ താമസസൗകര്യമൊരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുന്നു.
പ്രളയനാടിനെ പുനർനിർമിക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങളെല്ലാം വാക്കുകളായി നിലനില്ക്കുന്നു. 2021ലെ പ്രളയത്തില്‍ ഭൂമിയും വീടുകളും ഭാഗീകമായി നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ അധികാരികളുടെ കനിവിനായി കാത്തിരിപ്പു തുടരുകയാണ് വീട് ഭാഗീകമായി തകര്‍ന്നവര്‍ നിരവധി പേര് ആനുകൂല്യത്തിനു അപേക്ഷ നല്‍കിയും പ്രയോജനപ്പെടാതെ വന്നപ്പോള്‍ അദാലത്തുകളില്‍ പങ്കെടുത്തും നടന്നും വര്‍ഷങ്ങള്‍ കടന്നുപോയതല്ലാതെ ഇതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പഞ്ചായത്തിലെ ചെറുതും വലുതുമായ നിരവധി കൃഷിഭൂമികള്‍ പ്രളയത്തില്‍ ഒഴുകിയിട്ടും കൃഷി വകുപ്പ് അപേക്ഷ സ്വീകരിച്ചതല്ലാതെ യാതൊന്നും കര്‍ഷകര്‍ക്കു നല്‍കിയില്ല.
ഈ ആവശ്യവുമായി ജില്ല കേന്ദ്രമായ ഇടുക്കിയില്‍ നിരവധി തവണപോയി സങ്കടം അറിയിച്ചെങ്കിലും കേന്ദ്രവും കേരളവും തരുമെന്നു പറഞ്ഞ് മടങ്ങേണ്ടി വന്നവര്‍ നിരവധി പേരാണ്. ഇതു സംബന്ധിച്ചു കൃഷി ഭവനില്പോലും വ്യക്തയില്ലാത്ത സാഹചര്യമാണുള്ളത്.
പ്രളയത്തിലും ഉരുൾപൊട്ടലിലുമായി മേഖലയിൽ 42 പാലങ്ങളാണ് തകർന്നത്. എന്നാൽ, നാലാം വർഷത്തേക്ക് കടക്കുമ്പോഴും നിർമാണം പൂര്‍ത്തിയായത് ഒന്നു മാത്രം. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം മൂന്നാം വര്‍ഷം ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിച്ചെങ്കിലും ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഇവിടെ താൽകാലികമായി നിർമിച്ച നടപ്പാലം കൂടി നിർമാണത്തിന്റെ പേരില്‍ പൊളിച്ചുനീക്കിയത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ ഒത്തുചേര്‍ന്നു പുതിയ നടപ്പാലം നിർമിക്കുകയായിരുന്നു. വല്യേന്ത പാലം പൊളിച്ചു നീക്കി പുതിയ പാലമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും കരാറുകാരന് ഉപേക്ഷിച്ച മട്ടാണ്. കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലി കമ്യൂണിറ്റിഹാള്‍ പടി പാലത്തിന് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചെന്ന പ്രഖ്യാപനം നടത്തിയിട്ട് ആറുമാസം പിന്നിട്ടുവെങ്കിലും തുടർ നടപടിയുമുണ്ടായിട്ടില്ല. കൊക്കയാര്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും ഒരുഇഞ്ച് പോലും മുന്നോട്ടുപോയിട്ടില്ല.
ഇവിടെ നാട്ടുകാര്‍ നിർമിച്ച താൽകാലിക പാലത്തിലൂടെയാണ് സ്കൂൾ കുട്ടികൾ അടക്കം യാത്രചെയ്യുന്നത്. മറ്റ് പല പാലങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാക്കര പാലത്തിന്റെ നിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.