കൊച്ചി: പറഞ്ഞുതീരാത്ത കഥകളും ചെയ്തുതീരാത്ത കഥാപാത്രങ്ങളും ബാക്കിവെച്ച് വിടവ ാങ്ങുേമ്പാൾ വീടെന്ന സ്വപ്നം ബാക്കിയായ നടൻ കൊല്ലം അജിത്തിെൻറ കുടുംബത്തിന് ‘അക്ഷരവീടി’െൻറ തണൽ. ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനം ‘യൂനിമണി’യും ആരോഗ്യ മേഖലയിലെ രാജ്യാന്തര നാമമായ ‘എൻ.എം.സി’ ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ 19ാമത്തെ വീടായ ‘ഘ’ അജിത്തിെൻറ കുടുംബത്തിന് നൽകും. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപനം നിർവഹിച്ച് മമ്മൂട്ടിയും അമ്മ പ്രസിഡൻറ് മോഹൻലാലും ചേർന്ന് ശിലാഫലകം അജിത്തിെൻറ കുടുംബാംഗങ്ങൾക്ക് കൈമാറി.
സംവിധായകനാകാൻ മോഹിച്ച കൊല്ലം അജിത്ത്, 1983ൽ പത്മരാജെൻറ ‘പറന്നു പറന്നു പറന്ന്’ സിനിമയിലൂടെ നടനായി. പിന്നെ പ്രതിനായകനായി തിരക്കേറിയ സിനിമ ജീവിതം. 35 വർഷത്തിനിടെ വിവിധ ഭാഷകളിലായി അറുന്നൂറോളം സിനിമകൾ. 1989ല് സി.പി. വിജയകുമാർ സംവിധാനം ചെയ്ത ‘അഗ്നിപ്രവേശ’ത്തിൽ നായകനായി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വേഷമിട്ടു. ‘കോളിങ് ബെൽ’, ‘പകല്പോലെ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘ഒരു കടലിനും അപ്പുറം’ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. സുഹൃത്തുകൾക്കൊപ്പം നിർമാണത്തിലും പങ്കാളിയായി.
കൊല്ലത്ത് റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭെൻറയും സരസ്വതിയുടെയും ആറുമക്കളിൽ ഒരാളായി 1962 ഏപ്രിൽ ഏഴിനായിരുന്നു അജിത്തിെൻറ ജനനം. ഭാര്യ പ്രമീളയും മക്കളായ ശ്രീഹരിയും ഗായത്രിയും ഉൾപ്പെടുന്നതാണ് കുടുംബം. കളമശ്ശേരി സെൻറ് പോൾസ് ബി.കോം വിദ്യാർഥിയാണ് ശ്രീഹരി. ഗായത്രി ഇഗ്നോയിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനൊപ്പം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നുണ്ട്. 10 വർഷമായി വാഴക്കാലയിൽ വാടകവീട്ടിലായിരുന്നു. അജിത്തിെൻറ മരണശേഷം പുതിയൊരു വീട്ടിലേക്ക് മാറി. സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണമെന്ന് പ്രമീള പറഞ്ഞു. ‘‘സ്വന്തമായൊരു വീടില്ലെന്ന് അജിത്ത് പറയുന്നത് പലരും വിശ്വസിച്ചിരുന്നില്ല. വാടകവീട്ടിലാണ് താമസമെന്ന് അജിത്ത് പറഞ്ഞപ്പോൾ മമ്മൂക്കക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി. അംഗങ്ങൾക്ക് അമ്മ വീട് വെച്ചുകൊടുക്കുന്നുണ്ടെങ്കിൽ പരിഗണിക്കണേയെന്ന് തമാശ പോലെയാണെങ്കിലും ചേട്ടൻ പറഞ്ഞത് മമ്മൂക്കയോടു മാത്രമാണ്’’ -പ്രമീള പറഞ്ഞു.
അക്ഷരവീടിെൻറ തണലും നന്മയും കൂടുതൽ അക്ഷരങ്ങളിലേക്ക് വളരെട്ടയെന്ന് മമ്മൂട്ടിയും പദ്ധതി കേരളത്തിനുതന്നെ മാതൃകയാണെന്ന് മോഹൻലാലും പറഞ്ഞു. അജിത്തിെൻറ ഭാര്യ പ്രമീള, മക്കളായ ഗായത്രി, ശ്രീഹരി എന്നിവർ ശിലാഫലകം ഏറ്റുവാങ്ങി. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഹാബിറ്റാറ്റ് ടെക്നോളജീസ് ഗ്രൂപ് കോഒാഡിനേറ്റർ ഹുമയൂൺ കബീർ, യൂനിമണി നാഷനൽ ഹെഡ് ആർ. സുധാകർ, അഭിനേതാക്കളായ ജയറാം, മനോജ് കെ. ജയൻ, മാമുക്കോയ, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, രചന നാരായണൻകുട്ടി, അനു സിത്താര, കലാഭവൻ പ്രജോദ്, ബിജുക്കുട്ടൻ, ഹണി റോസ്, ഉണ്ണി ശിവപാൽ, ഹരീഷ് കണാരൻ, അജു വർഗീസ്, മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, സംഘാടകസമിതി കൺവീനർ സാബു പൈലി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.