ചാത്തന്നൂർ: പൊലീസിന്റെ ചോദ്യങ്ങൾക്ക് കൂസലൊന്നുമില്ലാതെയാണ് പത്മകുമാർ ഉത്തരങ്ങൾ നൽകിയത്. തെളിവെടുപ്പിനുശേഷം മൂവരെയും ഇരുത്തി കൂടുതൽ ചോദ്യംചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിക്കായി ആഹാരം വാങ്ങിയ ചാത്തന്നൂർ ഈറാം വിളയിലെ ഹോട്ടലിൽ പ്രതികളെ എത്തിച്ച് പരിശോധന നടത്തുമെന്ന് സൂചന നൽകിയെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് കുട്ടിക്ക് നൽകിയിട്ടുണ്ടോ അതിന്റെ അവശിഷ്ടങ്ങൾ ഉണ്ടോ കുപ്പികൾ ഉണ്ടോ എന്നതടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു.
വീട്ടിൽനിന്ന് ഡയറികളും ബുക്കുകളും അന്വേഷണസംഘം നേരത്തേ പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെ വീട്ടിൽനിന്നും കാറിൽ നിന്നും തെളിവുകൾ ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ഇവരുടെ വീട്ടിൽനിന്ന് ലഭിച്ചതായാണ് സൂചന. കൂടാതെ വീട്ടിലുണ്ടായിരുന്ന ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ പാരിപ്പള്ളിയിലേക്കും ഓയൂരിലെ സംഭവസ്ഥലത്തേക്കും പൊലീസ് കൊണ്ടുപോകുമെന്നാണ് വിവരം. പ്രതികളെ പിടികൂടിയ തെന്മലക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലിലെത്തിച്ചും തെളിവെടുപ്പ് നടത്തും.
ഏഴ് ദിവസത്തേക്കാണ് കോടതി ഇവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരിക്കുന്നത്. വീട്ടിൽ രാവിലെ 10.30ഓടെ തുടങ്ങിയ തെളിവെടുപ്പ് നാലരമണിക്കൂറിനുശേഷം വൈകീട്ട് മൂന്നോടെയാണ് അേന്വഷണ സംഘം പ്രതികളുമായി മടങ്ങിയത്. രണ്ട് ദിവസത്തെ വിശദമായ ചോദ്യംചെയ്യലിനുശേഷമാണ് പ്രതികളെ പൊലീസ് സുരക്ഷയില്‍ സംഭവസ്ഥലങ്ങളിൽ എത്തിച്ചത്. ബാങ്കുരേഖകൾ ഉൾപ്പെടെ പരിശോധിച്ചു.
തെളിവെടുപ്പിനായി ഫോറൻസിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, പൂയപ്പപള്ളി എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ്ഡിവിഷനിലെ മുഴുവൻ എസ്.എച്ച്.ഒമാരും, മീനാട്, ചിറക്കര വില്ലേജ് ഓഫിസർമാരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.