തിരുവനന്തപുരം: മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാറിന്റെ 2021-22 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരം പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് വിഭാഗത്തിൽ കൊല്ലത്തിനാണ് പുരസ്കാരം. കണ്ണൂർ രണ്ടാംസ്ഥാനത്തെത്തി. മികച്ച കോർപറേഷനുള്ള പുരസ്കാരം തിരുവനന്തപുരം കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തി പുരസ്കാരം നേടി. പാപ്പിനിശ്ശേരി (കണ്ണൂർ), മരങ്ങാട്ടുപള്ളി (കോട്ടയം) ഗ്രാമപഞ്ചായത്തുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം.
മുനിസിപ്പാലിറ്റി വിഭാഗത്തിൽ മലപ്പുറം തിരൂരങ്ങാടിക്കാണ് പുരസ്കാരം. വടക്കാഞ്ചേരി (തൃശൂർ), സുൽത്താൻ ബത്തേരി (വയനാട്) എന്നിവ രണ്ടും മൂന്നും സ്ഥാനംനേടി. ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പുരസ്കാരത്തിന് അർഹരായി. കൊടകര (തൃശൂർ), നെടുമങ്ങാട് (തിരുവനന്തപുരം) എന്നിവക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിൽ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് അർഹരായി. അഗളി, ഷോളയൂർ (പാലക്കാട്) ഗ്രാമപഞ്ചായത്തുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഈ മാസം18, 19 തീയതികളിൽ തൃത്താലയിൽ നടക്കുന്ന തദ്ദേശദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.