യു.​എസ്​ കമ്പനിയുടെ പേരിൽ ട്രേഡിങ് തട്ടിപ്പ്; കൊല്ലം സ്വദേശിക്ക് നഷ്​ടമായത് രണ്ടുകോടി രൂപ

കൊല്ലം: കൊല്ലം സ്വദേശിയിൽനിന്ന്​ രണ്ടുകോടിയോളം രൂപ സൈബർ തട്ടിപ്പുകാർ ഓൺലൈനായി തട്ടിയെടുത്തു. ദീർഘകാലമായി ഷെയർ ട്രേഡിങ്​ രംഗത്തുള്ളയാളാണ്​ പരാതിക്കാരൻ. കഴിഞ്ഞ നവംബർ 10ന് അമേരിക്ക ആസ്ഥാനമായ പ്രമുഖ ഇൻവെസ്റ്റ്​മെന്‍റ്​ കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിങ്ങിനെക്കുറിച്ചുള്ള ഒരു ഓൺലൈൻ ക്ലാസിന്‍റെ ലിങ്ക് വാട്സ്​ആപ് വഴി പരാതിക്കാരന് ലഭിച്ചിരുന്നു. അതിൽ പരാതിക്കാരൻ പങ്കെടുത്തു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു വനിത ഫോണിൽ വിളിച്ച് ഇൻസ്റ്റിറ്റ്യൂഷനൽ ട്രേഡിങ്ങിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങാനെന്നപേരിൽ ഒരു പോർട്ടലിന്‍റെ ലിങ്ക് നൽകി.

ഈ പോർട്ടലിൽ വ്യക്തിഗത വിവരങ്ങളും ആധാർ, പാൻ, അക്കൗണ്ട് വിവരങ്ങളും നൽകി വലിയ തുകക്കുള്ള ബ്ലോക്ക് ട്രേഡ്​ ചെയ്യാൻ ഇൻസ്റ്റിറ്റ്യൂഷനൽ അക്കൗണ്ട് പരാതിക്കാരൻ ആരംഭിച്ചു. പണം ഇൻവെസ്റ്റ് ചെയ്യേണ്ട നിർദേങ്ങളും അക്കൗണ്ട് നമ്പറുകളും വാട്സ്​ആപ് ഗ്രൂപ് വഴി നൽകി. ഇതിന്‍റെ വിശ്വാസ്യത പരിശോധിക്കുന്നതിനായി 10,000 രൂപ നിക്ഷേപിച്ചപ്പോൾ പോർട്ടൽ വാലറ്റിൽ തുക കാണിക്കുകയും ഇതിൽ നിന്ന് 4000 രൂപ പിൻവലിക്കുകയും ചെയ്തു. ഈ പണം സ്വന്തം അക്കൗണ്ടിൽ വന്നതോടെ പരാതിക്കാരൻ പല ദിവസങ്ങളിലായി രണ്ടുകോടിയോളം വരുന്ന തുക തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. ഇതുപയോഗിച്ച് ഈ പോർട്ടൽ വഴി ഷെയർ ട്രേഡ് ചെയ്യാനായിരുന്നു നിർദേശം. ഓരോ പ്രാവശ്യവും ട്രേഡ് ചെയ്യുമ്പോഴും പോർട്ടലിന്‍റെ വാലറ്റിൽ ലാഭം വന്നതായി കാണിക്കും. ഈ തുക പക്ഷേ, പിൻവലിക്കാൻ കഴിയില്ല. തുക ആറു​കോടി രൂപയോളമായപ്പോൾ പരാതിക്കാരൻ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശേഷവും കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാവുന്നത്.

തുടർന്ന്​ കൊല്ലം സിറ്റി സൈ​ബർ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വ്യാജ ആപുകൾ നിർമിച്ച്​ ​സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് വൻലാഭം വരുന്നതായി ആപിൽ കാണിച്ച് ഇരകളെക്കൊണ്ട് കൂടുതൽ പണം നിക്ഷേപിക്കുകയാണ്​ തട്ടിപ്പുകാർ ചെയ്യുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. ഇത്തരത്തിൽ കൊല്ലം സിറ്റി പൊലീസ്​ പരിധിയിൽ മാത്രം ഒരാഴ്ചക്കുള്ളിൽ ഒന്നേകാൽ കോടിയോളം രൂപ പലരിൽ നിന്നുമായി നഷ്ടപ്പെട്ടിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്​. 

Tags:    
News Summary - kollam native lost 2 crore in online trading scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.