അരക്കോടിയിലധികം ചെലവഴിച്ചിട്ടും പ്രവർത്തിക്കാതെ കൊല്ലത്തെ അറവുശാല

കൊല്ലം: അരക്കോടിയിലധികം ചെലവഴിച്ചിട്ടും പ്രവർത്തിക്കാതെ കൊല്ലത്തെ അറവുശാല. കൊല്ലം നഗരസഭയുടെ അറവുശാല നിർമിക്കാനുള്ള പദ്ധതി ഇപ്പോഴും പാതി വഴിയിലാണെന്ന് ചൂണ്ടിക്കാണിച്ചത് ഓഡിറ്റ് റിപ്പോർട്ടിലാണ്. നഗരകാര്യ ഡയറക്ടർ 2010 ലാണ് കൊല്ലം നഗരസഭക്ക് അറവുശാല നിർമിക്കുന്നതിന് അംഗീകാരം നൽകിയത്. ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അതൊരു സ്വപ്നം മാത്രമാണ്.

മൊത്തം ചെലവിന്‍റെ (77.30 ലക്ഷം രൂപയുടെ) 50 ശതമാനം തുകയായ 38.65 ലക്ഷം രൂപ നഗരസഭക്ക് 2011 ജനുവരി അഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. ഈ തുക 2018-19 വരെ ഉപയോഗിക്കാതെ നഗരസഭയുടെ അക്കൗണ്ടിൽ കിടന്നു. 2019-20, 2020-21 വർഷങ്ങളിൽ അറവുശാലയുടെ നവീകരണം എന്ന പേരിൽ നഗരസഭ രണ്ടു പദ്ധതികൾ തയാറാക്കി. അതിൽ മരാമത്തു പണികളുടെ ഭാഗമായി 26,30,946 രൂപ ചെലവാക്കുകയും ചെയ്തു. അറവുശാലയിൽ ഉണ്ടാകുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു.

അരീന ഹൈജീൻ സൊല്യൂഷൻസ് എന്ന കമ്പനിക്ക് കരാർ നൽകി. 2019 മാർച്ചിൽ ഇ.ടി.പി (പ്ലാന്റ്) സ്ഥാപിച്ചതിനുള്ള 25,21,000 രൂപയുടെ ബിൽ കരാറുകാർ സമർപ്പിച്ചു. ഈ തുക നൽകിയതായി പരിശോധനയിൽ വ്യക്തമായി. ഇതിനെല്ലാം പുറമെ പദ്ധതിയുടെ ഭാഗമായി ഹെൽത്ത് സൂപ്പർവൈസർ അറവുശാല പ്രവർത്തിക്കുമ്പോൾ ആവശ്യമായിവരുന്ന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും 1,59,569 രൂപക്ക് വാങ്ങി. ഇത്രയൊക്കെ തുക ചെലവഴിച്ചിട്ടും നാളിതുവരെ പ്രവർത്തനക്ഷമാക്കിയിട്ടില്ല.

2011 ജനുവരി മാസം നഗരകാര്യ ഡയറക്ടറുടെ ഓഫിസിൽനിന്നും നിർമാണത്തിനായി ലഭിച്ച 38.65 ലക്ഷം രൂപ ധനസഹായം പൂർണമായി ഉപയോഗിച്ച് വിനിയോഗ സാക്ഷ്യപത്രം നൽകാൻ സാധിക്കാത്തത് പദ്ധതി നടപ്പാക്കുന്നതിൽ നഗരസഭയുടെ വീഴ്ചയാണ്. അരീന ഹൈജീൻ സൊല്യൂഷൻ എന്ന സ്ഥാപനം സ്ഥാപിച്ച ഇ.ടി.പി യുടെ പോരായ്മകളാണ് അറവുശാലയുടെ പ്രവർത്തനത്തിന് തടസം നിൽക്കുന്നതെന്നാണ് ഓഡിറ്റ് കണ്ടെത്തിയത്.

അരീന ഹൈജീൻ സൊല്യൂഷൻസ് ശുചിത്വമിഷൻ സമർപ്പിച്ച ഡി.പി.ആറിൽ പ്ളാന്റിനായി ഉപയോഗിക്കുന്ന ശുചീകരണ വിദ്യ ഇലക്ട്രോകൊയാഗുലേഷൻ എന്ന പ്രോസസ് ആയിരുന്നു. ഇത് അറവുശാലയിൽ നിന്നും ശേഖരിക്കുന്ന മലിനജലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്ന് ശുചിത്വമിഷന്റെ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

ശുചിത്വമിഷന്റെ സാങ്കേതിക സമിതി പ്ലാന്റിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും നിർദേശങ്ങൾ നൽകിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ നിർമാണം നടത്തുകയും 25.21 ലക്ഷം രൂപ അരീന ഹൈജീൻ സൊല്യൂഷൻസിന് നൽകുകയും ചെയ്തത് നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. നിലവിൽ അരീന ഹൈജീൻ സൊല്യൂഷൻസുമായി പലവിധ ചർച്ചകൾ നടത്തിയെങ്കിലും അറവുശാലയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ വരുത്തുകയോ ഇ.ടി.പി സജ്ജമാക്കുകയോ കഴിഞ്ഞിട്ടില്ല.

ഓഡിറ്റിന് ഹാജരാക്കിയ രേഖകളിൽ അരീന ഹൈജിൻ സൊല്യൂഷൻസിൽ നിന്നും പിഴ ഈടാക്കണമെന്ന നിർദേശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ ഇതിന് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഓഡിറ്റ് നടത്തിയ ഭൗതിക പരിശോധനയിൽ സ്ഥാപിച്ച പ്ളാന്റിന് കാലപ്പഴക്കം കൊണ്ടുള്ള നാശനഷ്ടങ്ങൾ പ്രഥമ ദൃഷ്ട്യാ വ്യക്തമായി. പ്ലാന്റ് നവീകരണം നഗരസഭക്ക് ഇനിയും സാമ്പത്തിക ബാധ്യതയുണ്ടാകുന്നതിന് ഇടവരുത്തുമെന്ന് ഓഡിറ്റ് വിലയിരുത്തി.

ഇത്തരത്തിൽ കഴിഞ്ഞ നാലുവർഷത്തിൽ 53 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ച് സജ്ജമാക്കിയ അറവുശാല പ്രവർത്തനരഹിതമാണ്. സംസ്ഥാന സർക്കാരിന്റെ വിലയേറിയ പദ്ധതി പണം നഗരസഭ പാഴാക്കിയെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. നഗരസഭ ഉദ്യോഗസ്ഥർ ഇപ്പോഴും ഫയലിൽ അടയിരിക്കുകയാണ്.  

Tags:    
News Summary - Kollam Slaughterhouse not working despite more than half a crore of decisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.