കുളത്തൂപ്പുഴ: പുഴുവരിച്ച മത്സ്യം ഉയർന്ന വിലക്ക് നല്കി കബളിപ്പിച്ചതായി പരാതി. കുളത്തൂപ്പുഴ ഡീസൻറ് മുക്ക് വനശ്രീയില്‍ റിട്ട. റേഞ്ച് ഓഫിസര്‍ പ്രഭാകരന് നായരുടെ കുടുംബം കഴിഞ്ഞദിവസം വീട്ടുപടിക്കല്‍ മത്സ്യവുമായെത്തിയ വാഹനത്തില്‍ നിന്ന് മുറിച്ചുവാങ്ങിയ ചൂര മത്സ്യത്തിലാണ് പുഴുക്കള്‍ നിറഞ്ഞ് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയത്.
കാഴ്ചയില്‍ മീനിന് കാര്യമായ കേടുപാടുകളോ ദുര്‍ഗന്ധമോ അനുഭവപ്പെട്ടിരുന്നില്ല. പാചകം ചെയ്യാനായി മുറിച്ച് അടുപ്പത്ത് െവച്ച് ചൂടടിച്ചപ്പോള്‍ മീനില്‍ നിന്ന് ചെറിയ പുഴുക്കള്‍ ഓരോന്നായി പുറത്തുവരുകയായിരുന്നു.
ഉടന്‍ കുളത്തൂപ്പുഴ സാമൂഹികാരോഗ്യവിഭാഗം അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിശോധനക്ക് തയാറായില്ലന്ന് ഇവര്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് അടച്ചതോടെ നിരവധി വാഹനങ്ങളിലായാണ് പുലര്‍ച്ച മുതല്‍ പ്രദേശത്ത് മത്സ്യങ്ങള്‍ വിൽപനക്ക് എത്തിക്കുന്നത്.
ട്രോളിങ് നിരോധനമുള്ള ഈ സമയത്തും മത്സ്യവില്പനക്കെത്തുന്ന വാഹനങ്ങള്‍ക്ക് കുറവില്ല. മൊത്തവ്യാപാരികളില്‍നിന്ന് മത്സ്യം ശേഖരിച്ച് എത്തിക്കുന്ന ചെറുകിട കച്ചവടക്കാരാണ് മിക്കപ്പോഴും പഴകിയ മത്സ്യത്തിെൻറ പേരില്‍ ആരോപണ വിധേയരാകുന്നത്.
പ്രദേശത്ത് പഴകിയ മത്സ്യം വില്പന സംബന്ധിച്ച് മുമ്പും ഒട്ടേറെ പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചയിലൊരിക്കലെങ്കിലും പൊതുജനങ്ങളുടെ ഭക്ഷ്യസുരക്ഷ സംബന്ധമായ പരിശോധനകള്‍ നടത്താനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതര്‍ തയാറാകാത്തതും പരാതി കിട്ടിയാല്‍ മാത്രം അന്വേഷിക്കാമെന്ന നിലപാടുകളും ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്തവ വില്‍ക്കുന്നവര്‍ക്ക് സഹായമാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.