കുളത്തൂപ്പുഴ: ആൾ താമസമില്ലാത്ത വീട്ടിൽ ഒളിപ്പിച്ച നിലയിൽ നാടൻ തോക്ക് കണ്ടെത്തി. ചോഴിയക്കോട് അരിപ്പ, നാട്ടുകല്ല് എണ്ണപ്പന തോട്ടത്തിന് സമീപം ജസ്ന മൻസിലിൽ ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട് ഏറെ കാലമായി അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുരയിടത്തിലെ തേങ്ങ ശേഖരിക്കാൻ ജോലിക്കാരനുമായി എത്തിയ വീട്ടുടമ രാത്രി വീട്ടിൽ തങ്ങുകയും ഉറങ്ങാനായി കിടക്ക ശരിയാക്കവേ മെത്തയുടെ അടിയിൽ, തോക്ക്
കണ്ടെത്തുകയുമായിരുന്നു. ജലാലുദ്ദീൻ ഉടൻ തന്നെ അരിപ്പ ക്യാമ്പിങ് സ്റ്റേഷൻ വനപാലകരെ അറിയിച്ചു. തുടർന്ന് ഏഴംകുളം വനം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അനിൽ കുമാർ, നൗഷാദ്, ബീറ്റ് ഫോറസ്റ്റർ ജിഷ ജി. നായർ, വാച്ചർമാരായ അനൂപ് ഭാസ്കർ, ബാഹുലേയൻ നായർ എന്നിവരടങ്ങുന്ന വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പ്രവർത്തനക്ഷമമായ തോക്ക് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വനപാലകർ വിവരം നൽകിയതിെന്റ അടിസ്ഥാനത്തിൽ, ചിതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തോക്ക് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്തെ എണ്ണപ്പന തോട്ടം കേന്ദ്രീകരിച്ച് രാത്രി മൃഗവേട്ട തകൃതിയാണെന്നും ഇത്തരക്കാർ ആരോ ആൾതാമസമില്ലാത്ത വീട്ടിൽ തോക്ക് ഒളിപ്പിച്ചതാവാമെന്നുമാണ് പൊലീസ് നിഗമനം. സംഭവത്തിൽ കേസെടുത്ത ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.