ബോഡിനായ്ക്കന്നൂർ (തമിഴ്നാട്): സാഹസിക സഞ്ചാരികളുടെ സ്വർഗമെന്ന് വിശേഷിപ്പിക്കുന്ന കൊരങ്ങിണി വനം ദുരന്തശേഷം കരിഞ്ഞുണങ്ങിയ മൊട്ടക്കുന്നായി മാറി. രക്ഷാപ്രവര്‍ത്തനത്തിന് കാടുകയറിയവരെ കാത്തിരുന്നത് നെഞ്ചുപിളർത്തുന്ന കാഴ്ചകളും ആർത്തനാദങ്ങളുമാണ്. പരിക്കേറ്റവരുടെ മുടിയും ധരിച്ചിരുന്ന വസ്ത്രങ്ങളും കത്തിയമർന്നിരുന്നു.
ശരീരം വെന്തുരുകി തിരിച്ചറിയാനാകാത്ത രൂപങ്ങൾ. എന്ത് ചെയ്യണമെന്നറിയാതെ രക്ഷാപ്രവർത്തകർ പകച്ചു. പിന്നെ കൈമെയ്യ് മറന്ന് കമ്പുകൾ കൂട്ടിക്കെട്ടി തുണികൊണ്ട് സഞ്ചിയുണ്ടാക്കി പാറക്കെട്ടുകളില്‍ കുടുങ്ങിപ്പോയവരെ ആദ്യം താഴേക്കെത്തിച്ചു. മലമുകളിലേക്കുള്ള ചെങ്കുത്തായ കയറ്റവും തിരിച്ചുള്ള കുത്തിറക്കവും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. തങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം പുതപ്പിച്ചാണ് സ്ത്രീകൾ അടക്കമുള്ളവരെ നാട്ടുകാര്‍ പുറത്തെത്തിച്ചത്.
കൊരങ്ങിണിവാസികള് തങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പുതപ്പുകളും ടോര്‍ച്ചുകളും രക്ഷാപ്രവര്‍ത്തനത്തിന് നല്കി. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത് കൊളുക്കുമല തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ്. കാട്ടുതീയില്‍നിന്ന് രക്ഷപ്പെട്ടു പുറത്തെത്തിയ തിരുപ്പൂര്‍ സ്വദേശി വിജയലക്ഷ്മിയാണ് ദുരന്തവിവരം പുറത്തറിയിക്കുന്നത്. വിവരമറിഞ്ഞ ഉടന്‍ തൊഴിലാളികള്‍ കൊളുക്കുമലയില്‍നിന്ന് സംഭവസ്ഥലത്തേക്ക് കുതിച്ചു. തൊട്ടുപിന്നാലെ താഴ്വരയിലെ കുരങ്ങിണിയില്നിന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി.
ഞായറാഴ്ച രാത്രി വൈകി പിറ്റേന്ന് പുലരുംവരെ വിവിധ വകുപ്പുകള്‍ക്കൊപ്പം കൊരങ്ങിണിവാസികളും സജീവമായി രംഗത്തുണ്ടായിരുന്നു. മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍നിന്നുള്ള പൊലീസ് സേനയും വനംവകുപ്പ് വാച്ചര്‍മാരും രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചു. േതനി കലക്ടര്‍ പല്ലവി ബല്‍ദേവ്, ജില്ല പൊലീസ് മേധാവി വി. ഭാസ്കരന് എന്നിവര്‍ ഞായറാഴ്ച രാത്രി മുഴുവന്‍ കൊരങ്ങിണിയില്‍ ക്യാമ്പ് ചെയ്തും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.