ബി.എ. ബാലു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ചരിത്രത്തിലാദ്യമായി ഈഴവ സമുദായത്തില്‍ നിന്നൊരാള്‍ക്ക് കഴകപ്രവൃത്തിക്ക് നിയമനം. തിരുവനന്തപുരം ആര്യനാട് സ്വദേശി വിനായകകൃപ വീട്ടില്‍ ബി.എ. ബാലുവിനെയാണ് (32) നിയമിച്ചത്. താല്‍ക്കാലിക ജീവനക്കാരൻ കെ.വി. ശ്രീജിത്തിനെ പിരിച്ചുവിട്ടാണ് പുതിയ നിയമനം നടത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ബാലു ജോലിക്ക് ഹാജരാകുന്നുണ്ട്.
വാര്യര്‍ സമുദായാംഗങ്ങള്‍ മാത്രമായിരുന്നു ക്ഷേത്രത്തിലെ കഴകപ്രവൃത്തികളായ മാലകെട്ട്, വിളക്ക് പിടിക്കല്‍ മുതലായ ആചാരാനുഷ്ഠാനങ്ങളുടെ അവകാശികളായി തുടര്‍ന്നു വന്നിരുന്നത്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി പരീക്ഷയും അഭിമുഖവും നടത്തിയാണ് ബാലുവിനെ തിരഞ്ഞെടുത്തത്. മുമ്പ് രണ്ട് ക്ഷേത്രങ്ങളില്‍ മാലകെട്ടി പരിചയമുള്ള വ്യക്തിയാണ് ബാലു.
സംഗമേശ്വന്റെ തിരുസന്നിധിയില്‍ മാല കെട്ടാനുള്ള അവസരം ലഭിച്ചത് മുന്‍ജന്മ ഭാഗ്യമായി കരുതുന്നതായി ബാലു പറഞ്ഞു. എന്നാല്‍, പാരമ്പര്യ അവകാശികളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി വാര്യര്‍ സമാജം രംഗത്തെത്തിയിട്ടുണ്ട്. പാരമ്പര്യ കാരായ്മ കഴകക്കാര്‍ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.