കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി കൂടത്തായി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെ (47) സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അവരുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരിനെ അനുവദിക്കണമെന്ന അപേക്ഷ സംശയാസ്പദമെന്ന് പ്രോസിക്യൂഷൻ.
സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ആയുധമാക്കുമെന്നതിനാൽ നിയമവിരുദ്ധമായി പരീക്ഷണാർഥം നൽകിയ അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർസത്യവാങ്മൂലം നൽകി. കേസുകളിൽ വാദം കേൾക്കൽ അടുത്ത മാസം 11ന് മാറ്റി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന് അഡ്വ. ആളൂർ അപേക്ഷ നൽകിയത്. 30 ലക്ഷത്തിെൻറ സാമ്പത്തിക ഇടപാടുണ്ടെന്നും നാലാം പ്രതി മനോജ് ഉൾപ്പെടെ ജോളിക്ക് പണം നൽകാനുണ്ടെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അനുകൂലമായി മൊഴി പറയാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള നീക്കമാണ് അപേക്ഷയിലുള്ളതെന്ന് പ്രോസിക്യൂഷൻ നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. പണം കൊടുക്കാനുള്ളവരുടെ പേരോ ജോളിയുടെ അപേക്ഷക്കൊപ്പം സത്യവാങ്മൂലമോ ഇല്ലാത്തതിനാൽ ഹരജിക്ക് നിയമ സാധുതയില്ല.
എതിരായി പറയുന്ന സാക്ഷികൾക്കെതിരെ പണമിടപാട് ആരോപണവും ഭീഷണിയും ഉയർത്താൻ സാധ്യതവരുമെന്നും ഇത്തരം അപേക്ഷകൾ അനുവദിക്കരുതെന്നും പ്രോസിക്യൂട്ടറുടെ എതിർഹരജിയിൽ പറയുന്നു.
ജോളിയുടെ മുൻ ഭര്‍തൃപിതാവ് ടോംതോമസ്, ഭര്‍തൃമാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജിയുടെ മകള്‍ ആല്ഫൈന് എന്നിവരെ വധിച്ചുവെന്നതുമടക്കം ആറു കേസുകളാണ് കോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.