കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയിൽ സുരേന്ദ്രന്റെ ഭാര്യ ജിപ്സിയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴിമാറ്റിയത്. കൂടത്തായി ബസാറിൽ നൈസ് ലേഡീസ് ഗാർമെന്റ്സ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന ജിപ്സിയുടെ ഭർത്താവ് സുരേന്ദ്രൻ താമരശ്ശേരിയിൽ മൂന്നാം പ്രതി പ്രജികുമാർ നടത്തുന്ന ദൃശ്യകല ജ്വല്ലറി വർക്സിൽ ജോലിക്കാരനായിരുന്നു.
ദൃശ്യകലയിലേക്ക് തന്റെ ഭർത്താവ് സുരേന്ദ്രൻ സയനൈഡ് എത്തിച്ചിരുന്നതായും ഒരു ദിവസം കാലത്ത് തങ്ങൾ ഒരുമിച്ച് വീട്ടിൽനിന്നും ജോലിക്ക് പോകുന്ന വഴി കടയിൽ സയനൈഡ് തീർന്നുവെന്നും സേട്ടുവിന്റെ അടുത്തുനിന്നും സയനൈഡ് വാങ്ങിക്കണമെന്നും ഭർത്താവ് സുരേന്ദ്രൻ തന്നോട് പറഞ്ഞിരുന്നതായി ജിപ്സി പൊലീസിന് മൊഴി നൽകിയിരുന്നു.
കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു പ്രജികുമാറിന്റെ കടയിൽ ഇരിക്കുന്നത് താൻ കണ്ടിരുന്നതായും ജിപ്സി പൊലീസിൽ മൊഴി നൽകിയിരുന്നു. ആ മൊഴിയാണ് ജിപ്സി കോടതിയിൽ മാറ്റിയത്. തുടർന്ന് ജിപ്സിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
തുടർന്ന്, പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് സാക്ഷിയെ എതിർവിസ്താരം ചെയ്തു. എതിർവിസ്താരത്തിൽ, തന്റെ വിവാഹാലോചന കൊണ്ടുവന്നത് മൂന്നാം പ്രതി പ്രജികുമാർ ആയിരുന്നുവെന്നും മൂന്നാം പ്രതിയും തന്റെ ഭർത്താവും സുഹൃത്തുക്കൾ ആയിരുന്നുവെന്നും ജിപ്സി സമ്മതിച്ചു.
അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്ന സ്പെഷൽ ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ, തൊട്ടിൽപാലം സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ എന്നിവരെയും വിസ്തരിച്ചു. ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ജോളിയുടെ മകൻ റെമോ റോയ് ഹാജരാക്കിത്തന്നതായും ജോളിയുടെ ഉടമസ്ഥതയിലുള്ള റേഷൻ കാർഡ് കൂടത്തായി ബസാറിലെ നിസാർ എന്നയാളുടെ കടയിൽ നിന്ന് കണ്ടെടുത്തതായും വ്യാജ ഒസ്യത്തിന്റെ ഒരു കോപ്പി രഞ്ജി തോമസ് ഹാജരാക്കിത്തന്നത് കണ്ടെടുത്തതായും 239ാം സാക്ഷി സി.ഐ ഉണ്ണികൃഷ്ണൻ മൊഴി നൽകി.
വ്യാജ ഒസ്യത്ത് ടൈപ്പ് ചെയ്ത ഫറോക്കിലെ ഡി.ടി.പി സെന്റർ പരിശോധിച്ച് മഹസർ തയാറാക്കിയതായും മൂന്നാം പ്രതി പ്രജികുമാർ രണ്ടാം പ്രതി എം.എസ്. മാത്യുവിന് സയനൈഡ് കൈമാറിയ താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വർക്സ് പരിശോധിച്ച് മഹസർ തയാറാക്കിയതായും ടോം തോമസ് എന്ന് വ്യാജ ഒസ്യത്തിൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിച്ച ടൈപ്പ് റൈറ്റർ കണ്ടെടുത്തതായും 238ാം സാക്ഷി സി.ഐ എൻ. സുനിൽകുമാർ മൊഴി നൽകി.
കൂടാതെ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ താൻ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയതായി ഉണ്ണികൃഷ്ണനും ടോം തോമസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതായി സി.ഐ സുനിൽകുമാറും മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഒന്നാം പ്രതിക്ക് വേണ്ടിയുള്ള എതിർവിസ്താരം കോടതി മാറ്റിവെച്ചു. സാക്ഷി വിസ്താരം ഇനി ചൊവ്വാഴ്ച തുടരും. കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ മറ്റു കേസുകൾ ജനുവരി 29ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.