കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി രേഖപ്പെടുത്താൻ അനുവാദം തേടി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.
മാറാട് പ്രത്യേക കോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ നൽകിയ അപേക്ഷയിൽ വാദം കേൾക്കലടക്കമുള്ളവ 16ന് പരിഗണിക്കും. ഹൈഡ്രോസയാനിക് ആസിഡ് സിലിയുടെ മൃതദേഹത്തിൽ കണ്ടതായി ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടിരുന്നു. ഇത് തിരിച്ചറിഞ്ഞ ലാബ് അധികൃതരുടെ മൊഴിയെടുത്ത് തെളിവിലേക്ക് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പ്രോസിക്യൂഷൻ തീരുമാനം.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹത്തിലും സയനൈഡ് സാന്നിധ്യം കണ്ടിരുന്നു. മറ്റുള്ളവരുടെ മൃതദേഹാവശിഷ്ടം ഹൈദരാബാദ് സെൻട്രൽ ലാബിൽ പരിശോധനക്കയക്കാൻ കോടതി അനുമതി നൽകിയിരുന്നു.
അന്നമ്മ തോമസ്, ടോംതോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇത് പ്രകാരം പരിശോധനക്കയച്ചത്. പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനുമുമ്പുള്ള വാദം കേൾക്കലാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരാണ് 2002നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി പ്രതി ജോളി ആറുപേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.