കൂളിമാട് പാലം തകർച്ച: ഊരാളുങ്കലിനെ കരിമ്പട്ടികയിൽപെടുത്തണം, മന്ത്രി റിയാസ് രാജിവെക്കണം -പി.കെ ഫിറോസ്

കോഴിക്കോട്: നിർമാണത്തിനിടെ കൂളിമാട് പാലം തകർന്ന സംഭവത്തിൽ കരാറുകാരായ ഊരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസി)യെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഇതുൾപ്പെടെ നാല് പാലം തകർന്നതുമായി ബന്ധപ്പെട്ട് നാല് ആവശ്യങ്ങൾ പി.കെ. ഫിറോസ് ഉന്നയിച്ചു.

ടെന്‍ഡറില്ലാതെയാണ് പല കരാറുകളും ഊരാളുങ്കലിന് നല്‍കുന്നത്. സി.പി.എമ്മിന് ഫണ്ടുണ്ടാക്കുന്ന ഏജന്‍സിയായി ഊരാളുങ്കല്‍ മാറി. കോടികളുടെ പ്രവൃത്തിയാണ് ഇവർക്ക് സർക്കാർ അനുവദിച്ചത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കണം. ഇതിന് കൂട്ടുനില്‍ക്കുന്ന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണം. മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണം. വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മന്ത്രി റിയാസിന്റെ ബന്ധുവായ മുഖ്യമന്ത്രിയായതിനാൽ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ വിജിലൻസ് അന്വേഷണ വേളയിൽ മന്ത്രി രാജിവെക്കണം. കുറ്റക്കാര​ന​ല്ലെന്ന് കണ്ടെത്തിയാൽ തിരികെ വരട്ടെയെന്നും ഫിറോസ് പറഞ്ഞു.

ഊരാളുങ്കലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക, ഇവരുടെ പ്രവൃത്തികൾ അന്വേഷിക്കുക, കൂളിമാട് പാലം പ്രവൃത്തി വിജിലൻസ് അന്വേഷിക്കുക, ഉത്തരവാദിയായ മന്ത്രി റിയാസിനെതിരെ കേസെടുത്ത് അന്വേഷിക്കുക എന്നീ ആവശ്യങ്ങളാണ് ഫിറോസ് ഉന്നയിച്ചത്.

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് ബീമുകളാണ് തിങ്കളാഴ്ച നിര്‍മ്മാത്തിനിടെ തകര്‍ന്നു വീണത്. പാലത്തിന്റെ ബീം ചെരിയാന്‍ കാരണം ഹൈഡ്രോളിക് ജാക്കിയില്‍ ഒന്നിന്റെ തകരാറാണെന്നാണ് ഊരാളുങ്കലിന്റെ വിശദീകരണം. നിര്‍മാണത്തില്‍ തകരാറുകളോ അശ്രദ്ധയോ സംഭവിച്ചിട്ടില്ലെന്നും ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാറാണു പ്രശ്‌നമായതെന്നും ഇവർ പറയുന്നു.

മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കുന്നത് ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയര്‍ത്തി നിര്‍ത്തും. എന്നിട്ട് അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്‌ട്രെസ്സിങ്ങും ചെയ്യും. അതിനുശേഷം ബീം മെല്ലെ താഴ്ത്തി അതിനു മുകളില്‍ ഉറപ്പിക്കുന്നതാണു രീതി. ജാക്കികള്‍ ഉപയോഗിച്ചാണ് ബീം ഉയര്‍ത്തി നിര്‍ത്തുന്നതും താഴ്ത്തുന്നതും. ഇത്തരത്തിൽ താഴ്ത്തുന്നതിനിടെ ജാക്കികളില്‍ ഒന്ന് പ്രവര്‍ത്തിക്കാത്തതാണ് ബീം തകർച്ചക്ക് ഇടയാക്കിയതെന്നും യുഎല്‍സിസി പറയുന്നു.

Tags:    
News Summary - Koolimad bridge: Uralungal should be blacklisted, Minister Riyas should resign - PK Firos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.