മൂന്നാർ: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിൽ ഭൂമി സ്വന്തമാക്കിയ വൻകിടക്കാർക്കെതിരെയും നടപടിക്ക് ദേവികുളം സബ് കലക്ടർ. പെരുമ്പാവൂരിലെ സി.പി.എം നേതാവ് ജോൺ ജേക്കബിെൻറ ഉടമസ്ഥതയിലെ റോയൽ പ്ലാേൻറഷനും ചെന്നൈയിലെ ജോർജ് മൈജോ കമ്പനിക്കും ദേവികുളം സബ് കലക്ടർ നോട്ടീസയച്ചു.
ഭൂമിയുടെ രേഖകളുമായി നേരിട്ട് ഹാജരാകാനാണ് നിർദേശം. കുറിഞ്ഞി ഉദ്യാനത്തിെൻറ ഭാഗമായ കൊട്ടക്കാമ്പൂർ വില്ലേജിലെ 58ാം നമ്പർ ബ്ലോക്കിൽ ഭൂമി കൈവശപ്പെടുത്തിയവർക്കെതിരെയാണ് റവന്യൂ വകുപ്പിെൻറ നടപടി. 99 തണ്ടപ്പേരുകളിലായി 320 ഏക്കർ ഭൂമിയാണ് ചെന്നൈ ആസ്ഥാനമായ ജോർജ് മൈജോ കമ്പനി കൈവശപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി ആദ്യവാരം രേഖകളുമായി ഹാജരാകാനാണ് സബ് കലക്ടർ വി.ആർ. പ്രേംകുമാറിെൻറ നിർദേശം. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജ രേഖകൾ ചമച്ചാണ് കമ്പനി ഭൂമി സ്വന്തമാക്കിയതെന്ന് കണ്ടെത്തി, പട്ടയങ്ങൾ റദ്ദാക്കണമെന്നും ശിപാർശ ചെയ്തിരുന്നു. കടലാസ് കമ്പനിയെന്ന് വ്യക്തമായതോടെ കേന്ദ്ര സർക്കാർ കമ്പനിയുടെ റജിസ്ട്രേഷനും റദ്ദാക്കി.
കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ റജിസ്ട്രേഷൻ നടന്നത് എറണാകുളം ജില്ലയിലെ കുറുപ്പംപടി സബ് റജിസ്ട്രാർ ഓഫിസിലാണ്. ജനുവരി മൂന്നാംവാരം കമ്പനി ഭൂരേഖകൾ ഹാജരാക്കണമെന്നാണ് നോട്ടീസ്. ജോയിസ് ജോർജ് എം.പിയുടെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയതിനെത്തുർന്ന് സബ് കലക്ടറെ പ്രതിക്കൂട്ടിലാക്കി പാർട്ടികൾ രംഗത്തുവന്നിരുന്നു.
എം.എൽ.എയും മന്ത്രിയുമടക്കം സബ് കലക്ടറെ ആക്ഷേപിച്ചും പ്രസ്താവനനടത്തി. പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ജില്ല കലക്ടർക്ക് അപ്പീൽ നൽകിയിരിക്കുകയാണ് ജോയിസ് ജോർജ്. എം.പി അടക്കം 33 പേർക്ക് നോട്ടീസ് നൽകിയെങ്കിലും ഏഴുപേർ മാത്രമാണ് രേഖകളുമായി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.