ഈരാറ്റുപേട്ട: അന്തരീക്ഷം ചൂടുപിടിക്കുമ്പോൾ ആശ്വാസംതേടിയാണ് പ്രകൃതി രമണീയമായ മലനിരകളെ തേടി സഞ്ചാരികൾ യാത്രതിരിക്കുന്നത്. വാഗമണിൽ എത്തുന്നവർ അറിയാതെ പോകുന്നതും എന്നാൽ, പ്രകൃതിരമണിയവുമാണ് മഞ്ഞണിഞ്ഞ കോട്ടത്താവളം. മലമുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിശയിപ്പിക്കുന്ന നിരവധി സംഗതികളുണ്ട് കോട്ടത്താവളത്ത്. ചെങ്കുത്തായ മലയിടുക്കുകളിൽനിന്ന് പതഞ്ഞൊഴുകിയിറങ്ങുന്ന നീരുറവ ആരുടെയും മനം കുളിർപ്പിക്കും. ജില്ലയിലെ കിഴക്കൻപ്രദേശമായ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ അടിവാരത്തുനിന്ന് മൂന്നര കിലോമീറ്ററോളം താണ്ടിയാൽ കോട്ടത്താവളത്തെത്താം.
കോട്ടത്താവളമെന്ന പേരുപോലെ മലകളാൽ കോട്ടകെട്ടിയ പ്രദേശമാണിവിടം. മീനച്ചിലാറിന്റെ ഉത്ഭവപ്രദേശം കൂടിയാണ്. കോട്ടത്താവളം വെള്ളച്ചാട്ടത്തിനു മുകളിൽനിന്ന് നോക്കിയാൽ ജില്ലയിലെ പലപ്രദേശങ്ങളും കാണാം. വാഗമൺ കുരിശുമലയിൽനിന്ന് കാൽനടയായും ഇവിടെയെത്താം. വഴിയിൽ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളും കാണാം.
900 വർഷം മുമ്പ് ചോള രാജാവിനോട് യുദ്ധത്തിൽ പരാജയപ്പെട്ട് മധുരയിൽനിന്ന് രക്ഷപ്പെട്ട പൂഞ്ഞാർ രാജാവും പരിവാരങ്ങളും ഈ പ്രദേശത്താണ് ഒളിവിൽ താമസിച്ചിരുന്നതെന്നാണ് ചരിത്രം പറയുന്നത്. ഇവിടെയുണ്ടായിരുന്ന രാജവംശത്തിലെ അംഗങ്ങൾ തമിഴ്നാട്ടിൽ പോകുമ്പോൾ വിശ്രമിച്ച സ്ഥലമാണ് ഇതൊന്നും കഥയുണ്ട്. ഇങ്ങനെയാണത്രേ ഈ പ്രദേശത്തിന് കോട്ടത്താവളം എന്ന് പേരുവന്നത്. അധികമാരും അറിയാത്ത പ്രദേശത്തേക്ക് നടന്നു കയറണം. സാഹസിക സഞ്ചാരികളെ മാടിവിളിക്കുകയാണ് പ്രകൃതിസുന്ദരമായ കോട്ടത്താവളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.