ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയുടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ച സാഹചര്യത്തിൽ തുടർനിർമാണം സുരക്ഷാ പരിശോധനക്ക് ശേഷമേ നടത്താവൂയെന്ന് ആശുപത്രി അധികൃതർ. ഇതു സംബന്ധിച്ച് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് പറഞ്ഞു.
ഒരു പരിശോധനയും നടത്താതെ ബുധനാഴ്ച കെട്ടിട നിർമാണം പുനരാരംഭിച്ച വിവരം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് അധികൃതരുടെ പ്രതികരണം. ബഹുനില കെട്ടിടങ്ങൾ നിർമിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും പാലിച്ചിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് മെഡിക്കൽ കോളജ് മെഡിസിൻ വാർഡിനോട് ചേർന്ന് ജനറൽ സർജറി വാർഡിനായി നിർമിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്.
ചൊവ്വാഴ്ച തന്നെ തീപിടിച്ച സാധനങ്ങൾ കെട്ടിടത്തിൽനിന്ന് മാറ്റിയിരുന്നു. തുടർന്ന് ബുധനാഴ്ച പുനർനിർമാണം ആരംഭിക്കുകയും ചെയ്തു. തീപിടിത്തം ഉണ്ടായി മൂന്നാം ദിവസമാണ് പൊലീസിന്റെ മൊബൈൽ ഫോറൻസിക് വിഭാഗം അന്വേഷണത്തിനെത്തിയത്. അപകടം സംബന്ധിച്ച അന്വേഷണം നടത്താനും പരിശോധന നടത്താനും ബന്ധപ്പെട്ടവർ എത്തിച്ചേരാതിരിക്കെ, കെട്ടിടം പണി പുനരാരംഭിച്ചതിൽ ആക്ഷേപമുയർന്നിട്ടുണ്ട്.
മെഡിക്കൽ കോളജിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തം പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്നിബാധ കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായതായി കരുതുന്നില്ല. പൊലീസും അഗ്നിരക്ഷാസേനയും നടത്തുന്ന പരിശോധനകൾക്ക് പുറമെ വിദഗ്ധർ അടങ്ങുന്ന മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിൽനിന്ന് രോഗികൾക്ക് സുഗമമായി ആശുപത്രിയിലെത്താനുള്ള അണ്ടർ പാസേജിന്റെ നിർമാണത്തിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.