കുഞ്ഞിനെ നീതു ത​ട്ടി​യെ​ടു​ത്തത് കാമുകനുമായുള്ള ബന്ധം നിലനിർത്താൻ; ബാദുഷക്ക് ബന്ധമില്ലെന്ന് പൊലീസ്

കോട്ടയം: മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന് യുവതി നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനുമായുള്ള ബന്ധം നിലനിർത്താൻ. കുഞ്ഞുമായി കാമുകനൊപ്പം ജീവിക്കാനായിരുന്നു നീതുവിന്‍റെ ഉദ്ദേശ്യം. സംഭവത്തിൽ യുവതി മാത്രമാണ്​ പ്രതിയെന്നും യുവതിയിൽനിന്ന്​ പണം തട്ടിയ കേസിൽ കാമുകനെ കസ്റ്റഡിയിലെടുത്തെന്നും എസ്.പി ഡി. ശിൽപ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

തിരുവല്ല കുറ്റൂർ പല്ലാടത്തിൽ സുധി ഭവനിൽ നീതുരാജ്​ (33) ഭർതൃമതിയും ആറുവയസ്സായ ആൺകുട്ടിയുടെ അമ്മയുമാണ്​. എറണാകുളം കളമശ്ശേരിയിൽ ഇവന്‍റ്​ മാനേജ്മെന്‍റ്​ സ്ഥാപനം നടത്തിയിരുന്ന എം.ബി.എ ബിരുദധാരിയായ നീതു, രണ്ടുവർഷം മുമ്പാണ്​ ഇബ്രാഹീം ബാദുഷ എന്നയാളുമായി ടിക്​ടോക്കിലൂടെ പരിചയപ്പെട്ട്​​ പ്രണയത്തിലായത്​.

ഇയാളിൽനിന്ന്​ ഗർഭിണിയായപ്പോൾ ഭർത്താവിന്‍റെ കുഞ്ഞാണെന്നാണ്​ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞത്​. രണ്ടുമാസത്തിനു ശേഷം ഗർഭം അലസിയെങ്കിലും വിവരം കാമുകനോട്​ പറഞ്ഞില്ല. ഭർത്താവിനെയും വീട്ടുകാരെയും അറിയിച്ചു. കാമുകന്‍റെ വീട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. ഇതിനിടെയാണ്​ കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത്​. കാമുകനെ നഷ്ടപ്പെടുമെന്ന ഭയം മൂലം​ മറ്റൊരു കുഞ്ഞിനെ തട്ടിയെടുക്കാനും ആ കുഞ്ഞിനെ കാണിച്ച്​ ബന്ധം നിലനിർത്താനുമായിരുന്നു ശ്രമമെന്ന്​ നീതു മൊഴി നൽകി. കുഞ്ഞുണ്ടെങ്കിൽ കാമുകൻ വിട്ടുപോവില്ലെന്ന്​ കരുതി.

ഇതിനായി ആശുപത്രിയിൽ പരിശോധനക്ക്​ പോവുകയാണെന്നുപറഞ്ഞ് മകനുമായി ജനുവരി നാലിന് കോട്ടയത്തെത്തി. നേരത്തേ ചങ്ങനാശ്ശേരിയിൽ പഠിച്ചിട്ടുള്ള പരിചയം വെച്ചാണ്​ കോട്ടയം മെഡിക്കൽ കോളജ്​ തെരഞ്ഞെടുത്തത്​. പരിസരത്തെ ഹോട്ടലിൽ വൈകീട്ട്​ 6.30ന്​​ മുറിയെടുത്തു. വ്യാഴാഴ്ച ഉച്ചക്കുശേഷം സമീപത്തെ മെഡിക്കൽ സ്​റ്റോറിൽനിന്ന് നഴ്സിന്‍റെ കോട്ട് വാങ്ങി ഗൈനക്കോളജി വാർഡിലെത്തി. ചെന്നപ്പോൾതന്നെ കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടുദിവസം പ്രായമായ പെൺകുഞ്ഞിനെ കണ്ടു.

അതിനെ കൊണ്ടുപോകാനും തീരുമാനിച്ചു. ചികിത്സാരേഖകൾ പരിശോധിച്ച്​, മഞ്ഞനിറം ഉണ്ടെന്നും കുട്ടികളുടെ ആ​ശുപത്രിയിലേക്ക്​ ചികിത്സക്ക്​ കൊണ്ടുപോവുകയാണെന്നും പറഞ്ഞ്​ കുഞ്ഞിനെ എടുത്തു. നഴ്​സിന്‍റെ വേഷത്തിലായതിനാൽ അശ്വതിക്ക്​ സംശയം തോന്നിയില്ല. മൂന്നരയോടെ കുഞ്ഞുമായി ഹോട്ടലിലെത്തി. മുറിയിൽ ചെന്ന്​ വിഡിയോ കോളിൽ കുഞ്ഞിനെ ബാദുഷയെയും കുടുംബത്തെയും കാണിച്ച്​ ബോധ്യപ്പെടുത്തി. തുടർന്ന്,​ എറണാകുളത്തേക്ക്​ പോകാൻ ടാക്സി വിളിച്ചപ്പോഴാണ്​ ഡ്രൈവർക്ക്​ സംശയം തോന്നുന്നതും പൊലീസ്​ എത്തി പിടികൂടുന്നതും.

നീതുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിതന്നെ ഇബ്രാഹീം ബാദുഷയെ കൊച്ചിയിൽനിന്ന്​​ ഗാന്ധിനഗർ പൊലീസ്​ അറസ്റ്റ്​ ചെയ്തിരുന്നു. ഇയാൾ നീതുവിൽനിന്ന്​ പണവും ആഭരണങ്ങളും കൈവശപ്പെടുത്തിയിട്ടുണ്ട്​. ഇയാൾ മൂത്ത കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്​. ഇതുസംബന്ധിച്ച്​ അന്വേഷണം നടക്കുന്നതേയുള്ളൂ. തട്ടിക്കൊണ്ടുപോകൽ കേസുമായി ബാദുഷക്ക് ബന്ധമില്ലെങ്കിലും പണം തട്ടിയതിനും നീതുവിന്‍റെ കുട്ടിയെ ഉപദ്രവിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കും. നീതുവിന്‍റെ കൂടെയുണ്ടായിരുന്ന മകനെ തിരുവല്ലയിൽനിന്ന്​ നീതുവിന്‍റെ മാതാപിതാക്കളെത്തി കൊണ്ടുപോയി. നീതുവിനെ 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്തു.

അന്വേഷണസംഘാംഗങ്ങളായ ഡിവൈ.എസ്​.പി ജെ. സന്തോഷ്​ കുമാർ, അഡീ. എസ്​.പി എസ്​. സുരേഷ്​ കുമാർ, ഗാന്ധിനഗർ എസ്​.എച്ച്​.ഒ ​കെ. ഷിജി, എസ്​.ഐ ടി.എസ്​. റെനീഷ്​ എന്നിവർ വാർത്തസ​​​മ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Kottayam SP says Baby abducted for Neetu-Badusha relationship should not be damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.