കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതികളായ രണ്ട് കന്യാസ്ത്രീകൾക്ക് ഹൈകോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ആറ്, ഏഴ് പ്രതികളായ സിസ്റ്റർ ലിസി മരിയ, സിസ്റ്റർ അനീറ്റ ജോർജ് എന്നിവർക്കാണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം പുറത്തു പറയാതിരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് കേളകം പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. 2016 മേയിൽ നടന്ന സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും പരാതിക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയായ തങ്ങളെ പ്രതി ചേർക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങുന്ന പ്രതികൾക്ക് അതേദിവസം തന്നെ ഉപാധികളോടെ ജാമ്യം അനുവദിക്കാനാണ് നിർദേശം.
30,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ജാമ്യ ബോണ്ട് കെട്ടിവെക്കണം. മൂന്ന് മാസത്തേക്ക് എല്ലാ ആഴ്ചയിലും ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം എന്നിവയാണ് ഉപാധികൾ. കഴിഞ്ഞ ദിവസം വൈദികനും കന്യാസ്ത്രീകളുമടക്കം നാലുപേർക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.