കേളകം: ഭക്തസഹസ്രങ്ങളുടെ സാന്നിധ്യമില്ലാതെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മഹോത്സവത്തിന് തുടക്കംകുറിച്ച് ഉത്സവ നഗരിയിൽ പെരുമാളിന് നെയ്യഭിഷേകം നടത്തി. ഉത്സവത്തിെൻറ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് വൈകീട്ട് നടക്കും.
പ്രധാന ചടങ്ങുകളിലൊന്നായ മുതിരേരി വാൾ ഇക്കരെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. വയനാട് മുതിരേരി ക്ഷേത്രത്തിൽനിന്ന് സ്ഥാനിക ബ്രാഹ്മണൻ മൂഴിയോട്ട് ഇല്ലത്തെ സുരേഷ് നമ്പൂതിരി കാനനപാതകൾ താണ്ടിയാണ് ഇന്നലെ സന്ധ്യയോടെ ഇക്കരെ സന്നിധിയിൽ വാൾ എത്തിച്ചത്. കോവിഡിെൻറ പശ്ചാത്തലത്തിൽ കേളകം, പേരാവൂർ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയത്.
വാൾ ഇക്കരെ ക്ഷേത്രസന്നിധിയിൽ എത്തിയയുടൻ നെയ്യമൃത് വ്രതക്കാർ അക്കരെ പ്രവേശിച്ചു. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടൻ വാരിയർ, നമ്പീശൻ എന്നീ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ വിളക്കുവെച്ചു. ചോതിവിളക്കിൽനിന്ന് നാളം പകർന്ന് മറ്റ് വിളക്കുകൾ തെളിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പിൽ തീകൂട്ടുകയും ചെയ്തു. തുടർന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു. നെയ്യമൃത് വ്രതക്കാരിൽനിന്ന് നെയ്കുംഭങ്ങൾ തൃക്കടാരി സ്ഥാനികൻ ഏറ്റുവാങ്ങി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിപ്പാടിനെ ഏൽപിച്ചു.
ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് വൈകീട്ട് മണത്തണ കരിമ്പന ഗോപുരത്തിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച അർധരാത്രിയോടെ അക്കരെ സന്നിധാനത്തെത്തും. കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രം നടത്താനാണ് കലക്ടർ അനുമതി നൽകിയത്. ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.