തിരുവനന്തപുരം: കോവളത്ത് പൊലീസ് അവഹേളിച്ച സ്വീഡിഷ് പൗരൻ സ്റ്റീഫൻ മറ്റൊരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. തന്‍റെ പേരിലുള്ള ഹോം സ്റ്റേ കൈയേറിയതില്‍ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസി. കമീഷണറെ സമീപിച്ചത്.
കോവളം വെള്ളാറിൽ ഹോം സ്റ്റേ നിർമിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ ഒമ്പത് സെന്‍റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു. രണ്ടുപേരിൽനിന്നാണ് ഭൂമി വാങ്ങിയത്. മുൻ ഭൂ ഉടമയുടെ ബന്ധു ഹോം സ്റ്റേയിൽ കൈയേറി താമസിക്കുന്നതായും ജീവനു ഭീഷണിയുണ്ടെന്നുമാണ് അസി. കമീഷണറെ കണ്ട് സ്റ്റീഫൻ അറിയിച്ചത്. സ്വത്ത് തർക്ക കേസ് കോടതി പരിഗണനയിലാണ്. അഭിഭാഷകനുമായി ആലോചിച്ച് പൊലീസിൽ രേഖാമൂലം പരാതി നൽകുമെന്നും സ്റ്റീഫൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ചപ്പോഴും ഹോം സ്റ്റേ നടത്തിപ്പ് പ്രതിസന്ധിയിലാെണന്ന് സ്റ്റീഫൻ അറിയിച്ചിരുന്നു. മദ്യം ഒഴുക്കിക്കളഞ്ഞതിൽ പരാതിയില്ലെന്നും പൊലീസുകാരനെതിരെ നടപടി വേണ്ടിയിരുന്നില്ലെന്നും സ്റ്റീഫൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.