വിവാദങ്ങൾ ബാക്കിയാക്കി സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് വിരമിച്ചു

കോഴിക്കോട്: സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് 34 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ചു. കോട്ടയം മൂന്നിലാവ് സ്വദേശിയാണ്. 1988ൽ സർക്കിൾ ഇൻസ്പെക്ടറായി തലശ്ശേരിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, 1990ൽ കോഴിക്കോട്ടെത്തി ട്രാഫിക്, സ്പെഷൽ ബ്രാഞ്ച്, ടൗൺ സർക്കിളുകളിൽ സി.ഐ ആയും നോർത്ത് അസി. കമീഷണർ, വടകര ഡിവൈ.എസ്.പി, വിജിലൻസ് ഡിവൈ.എസ്.പി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 2011ൽ ഐ.പി.എസ് ലഭിച്ചു.

തുടർന്ന് 2015ൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി. ഇന്‍റേണൽ സെക്യൂരിറ്റി എസ്.പി, ആലുവ റൂറൽ എസ്.പി എന്നീ ചുമതലകളും വഹിച്ചു. 2019ലാണ് വീണ്ടും സിറ്റി പൊലീസ് മേധാവിയായി എത്തിയത്. 2020ൽ ഡി.ഐ.ജിയായും 2022ൽ ഐ.ജിയായും സ്ഥാനക്കയറ്റം ലഭിച്ചു. കോളിളക്കമുണ്ടാക്കിയ പല കേസുകളും അന്വേഷിച്ച ഇദ്ദേഹം നിരവധി ആരോപണങ്ങൾ നേരിടുകയും വിവാദങ്ങളുടെ ഭാഗമാവുകയും ചെയ്തു. ആരോപണങ്ങൾ പലതും വിരമിക്കുംവരെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിലടക്കം ജോർജിനെതിരെ നിരവധി ആരോപണങ്ങളാണുയർന്നത്.

ഡി.ജി.പിയുടെ നിർദേശം ലംഘിച്ച് ആലുവ റൂറൽ എസ്.പിയായിരുന്ന ജോർജ് രൂപവത്കരിച്ച റൂറൽ ടൈഗർ ഫോഴ്സായിരുന്നു സംഭവത്തിൽ പ്രതിക്കൂട്ടിലായത്. ഇതിന്‍റെ പേരിൽ ജോർജ് സസ്പെൻഷനിലുമായി. എന്നാൽ, സസ്പെൻഷൻ കാലാവധി തീരുംമുമ്പ് സർവിസിൽ തിരിച്ചെത്തി. പരിസ്ഥിതി പ്രവർത്തകൻ പുരുഷൻ ഏലൂരിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നതടക്കമുള്ള ആരോപണങ്ങളും ഉയർന്നു. പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും മാവോവാദി മുദ്രകുത്തി യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തപ്പോൾ സിറ്റി പൊലീസ് മേധാവിയായ ജോർജിനെതിരെ സി.പി.എമ്മിൽ നിന്നടക്കം വിമർശനങ്ങളുയർന്നു.

അബ്ദുന്നാസിർ മഅ്ദനി ഏറെക്കാലം ജയിലിൽ കിടന്ന കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ 1998 മാർച്ച് 31ന് അദ്ദേഹത്തെ അറസ്റ്റുചെയ്തത് ജോർജായിരുന്നു. കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് മഅ്ദനിയെ കോടതി കുറ്റവിമുക്തനാക്കിയതോടെ ജോർജിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു. സിറ്റി പൊലീസ് മേധാവിയായിരിക്കെ പൊലീസ് നിയന്ത്രണത്തിലുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രപ്പിരിവിന് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയതും പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് എന്നുപറഞ്ഞ് ഉത്തരവിറക്കിയതും വിമർശനത്തിനിടയാക്കി. 

Tags:    
News Summary - Kozhikode City Police Chief A.V. George retired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.