കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ പ്രതികളെ വെറുതെവിട്ട ഹൈകോടതി ഉത്തരവിനെതിരെ ഉടൻ അപ്പീൽ ഹരജി നൽകാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നീക്കം. ഒന്നാം പ്രതി കണ്ണൂർ തയ്യിൽ സ്വദേശി തടിയന്റവിട നസീർ, നാലാംപ്രതി കണ്ണൂർ വളപ്പ് സ്വദേശി തയ്യിൽ ഷഫാസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അപ്പീൽ നൽകുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെയടക്കം കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതിയും തേടും.
വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇരുവരെയും വെറുതെവിട്ടത്. മൂന്നാംപ്രതി കണ്ണൂർ താന സ്വദേശി അബ്ദുൽ ഹാലിം, ഒമ്പതാം പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ് ചെട്ടിപ്പടിയെന്ന അബൂബക്കർ യൂസഫ് എന്നിവരെ വെറുതെവിട്ടത് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും ചെയ്തു. ഇവരെ വെറുതെവിട്ടതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീൽ കോടതി തള്ളി. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ കേസ് തെളിയിക്കാൻ പര്യാപ്തമായ മറ്റു വസ്തുതകൾ കണ്ടെത്തുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടെന്നും കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നതുമടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.