തിരുവനന്തപുരം: ഇടതു സർക്കാറിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനിനെതിരെ സംസ്ഥാനത്തെങ്ങും ആളിപ്പടർന്ന് ജനകീയ പ്രതിഷേധം. കോഴിക്കോട് കല്ലായിയിലും എറണാകുളം ചോറ്റാനിക്കരയിലും കോട്ടയം നട്ടാശ്ശേരിയിലും സർവേക്കല്ല് സ്ഥാപിക്കാൻ അനുവദിക്കാതെ കെ-റെയിൽ ഉദ്യോഗസ്ഥരെ ജനം തിരിച്ചയച്ചു. കല്ലായിയിൽ തിങ്കളാഴ്ച സ്ഥാപിച്ച മുഴുവൻ കല്ലുകളും ജനം പിഴുതു പുഴയിൽ എറിഞ്ഞു. ചോറ്റാനിക്കരയില്‍ സർവേക്കല്ലുകൾ വാഹനത്തിൽനിന്ന് തോട്ടിലെറിഞ്ഞു.
കല്ലായി പള്ളിക്കണ്ടിയിൽ സ്ഥാപിച്ച കല്ലുകളാണ് പുഴയിലെറിഞ്ഞത്. ഉദ്യോഗസ്ഥസംഘത്തെ രണ്ടു തവണ നാട്ടുകാർ മടക്കിയയച്ചു. കല്ലിലടിക്കാൻ പൊലീസ് സംരക്ഷണയിൽ കൊണ്ടുവന്ന മഞ്ഞ പെയിന്റ് ജനം റോഡിലൊഴിച്ചു. രാവിലെ ആരംഭിച്ച ജനകീയസമരം കെ- റെയിൽ വിരുദ്ധസമിതി, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി നേതാക്കൾ എത്തിയതോടെ ആളിക്കത്തി. സ്പെഷൽ തഹസിൽദാറും സംഘവും സ്ഥലത്തുനിന്ന് പിരിഞ്ഞുപോവണമെന്നാവശ്യപ്പെട്ട് മണിക്കൂറുകളോളം പ്രതിഷേധം അരങ്ങേറി. ഉച്ചക്ക് ഒരു മണിയോടെ തഹസിൽദാർ മടങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ നേതാക്കളും നാട്ടുകാരും പിരിഞ്ഞുപോയി. പ്രദേശത്തുനിന്ന് തൽക്കാലം മാറിനിന്ന സർവേ സംഘം ഉച്ചക്ക് 2.45ഓടെ പള്ളിക്കണ്ടിയിലെ വീട്ടിൽ കയറി കല്ലിട്ടു. വീട്ടുകാരോട് വിവരം പറയുന്നതിനിടെ കല്ലിടുകയും ഉദ്യോഗസ്ഥരെ അകത്താക്കി പൊലീസ് ഗേറ്റ് അടക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. വീണ്ടും ജനം സംഘടിച്ച് കല്ലിടൽ തടഞ്ഞു. പ്രതിഷേധം രൂക്ഷമാവുമെന്ന് കണ്ടതോടെ ഉദ്യോഗസ്ഥർ തൽക്കാലം പിന്മാറി. ഇതിനിടെ കെ-റെയിൽ ഉദ്യോഗസ്ഥയോട് പ്രതിഷേധക്കാർ മോശം ഭാഷയിൽ സംസാരിച്ചതായി പരാതി ഉയർന്നു.
ചോറ്റാനിക്കര പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് സർവേക്കെതിരെ ശക്തമായ പ്രതിഷേധം തീർത്തത്. പാടശേഖരങ്ങളില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച സർവേക്കല്ലുകള്‍ പിഴുതെറിഞ്ഞു. മറ്റിടങ്ങളില്‍ സ്ഥാപിക്കാൻ കൊണ്ടുവന്ന കല്ലുകളില്‍ ചിലത് ഉദ്യോഗസ്ഥരുടെ വാഹനത്തില്‍നിന്ന് എടുത്ത് തോട്ടിലെറിഞ്ഞു.
നട്ടാശ്ശേരി കുഴിയാനിപ്പടിയിലാണ് രാവിലെ മുതൽ പ്രതിഷേധം അരങ്ങേറിയത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് പുറമെ, പിന്തുണയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും എത്തി. ഇതിനിടെ, സർവേക്കല്ലുമായി എത്തിയ വാഹനം സമരക്കാർ തടഞ്ഞു. സമരക്കാർ അടുപ്പുകൂട്ടി കഞ്ഞിയുണ്ടാക്കി എല്ലാവർക്കും നൽകി. ആറുമണിക്ക് സർവേ സംഘവും പൊലീസ് സന്നാഹവും തിരിച്ചുപോയ ശേഷമാണ് സമരക്കാർ പിരിഞ്ഞത്. തിരുനാവായ ഗ്രാമപഞ്ചായത്തിലെ സൗത്ത് പല്ലാർ, തിരുത്തി മേഖലയിൽ സിൽവർ ലൈനിന് കല്ലിടാൻ തിങ്കളാഴ്ച അധികൃതരെത്തുമെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഉച്ചവരെ ആരും എത്താത്തതിനാൽ എതിർക്കാൻ കാത്തുനിന്നവർ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതീകാത്മകമായി കല്ലിട്ട് യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു. 'മഞ്ഞക്കുറ്റി'കളും കൈകളിലേന്തി പ്രകടനമായി എത്തിയ പ്രവർത്തകർ നോർത്ത് ഗേറ്റിൽ പൊലീസ് ഒരുക്കിയ ബാരിക്കേഡുകൾ തള്ളിമാറ്റി അകത്ത് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.