കോഴിക്കോട്: ജില്ലയിലെ 21 വില്ലേജുകളിൽപെട്ട 71 പ്രദേശങ്ങൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതെന്ന് പഠനം. ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രശ്നങ്ങൾ സമഗ്രതയോടെ പഠിക്കുന്ന ഗവേഷണ സ്ഥാപനം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മണ്ണിലെ വിള്ളൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കിണറുകൾ താഴ്ന്നുപോകൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ വർധിച്ചതോടെയായിരുന്നു 2019ൽ ഇത്തരമൊരു പഠനം നടത്തിയത്. വിവിധ പ്രദേശങ്ങൾ സന്ദർശിച്ചും ശാസ്ത്രീയ പരിശോധന നടത്തിയും തയാറാക്കിയ റിപ്പോർട്ട് സർക്കാറിന്റെയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും പക്കലുണ്ടെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
കോഴിക്കോട് താലൂക്കിലെ മൂന്ന് വില്ലേജുകളിലെ എട്ടും, കൊയിലാണ്ടി താലൂക്കിലെ മൂന്ന് വില്ലേജിലെ മൂന്നും, താമരശ്ശേരി താലൂക്കിലെ ഒമ്പതു വില്ലേജിലെ 31ഉം വടകര താലൂക്കിലെ ഒമ്പത് വില്ലേജിലെ 29 ഉം പ്രദേശങ്ങളാണ് ഉയർന്ന, താഴ്ന്ന, മിത സാധ്യതകളുള്ള ദുരന്ത ഭൂമികളായേക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജില്ലയിൽ ക്വാറികളും ക്രഷറുകളും കൂടുതലായി പ്രവർത്തിക്കുന്നത് അപകട സാധ്യത ചൂണ്ടിക്കാണിക്കപ്പെട്ട മേഖലകളിലാണ് എന്നതാണ് വിചിത്രം. എൻ.സി.ഇ.എസ്.എസിന്റെ പഠന റിപ്പോർട്ട് പുറത്തുവന്നശേഷവും അപകട സാധ്യതയുള്ള മേഖലകളിൽ ക്വാറി, ക്രഷർ യൂനിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ അനുവദിച്ചിട്ടുണ്ട്. 22 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലകൾ ഉരുൾപൊട്ടൽ സാധ്യതയുള്ളതാണെന്നാണ് റവന്യു വിഭാഗത്തിന്റെ വിലയിരുത്തലെങ്കിൽ, എൻ.സി.ഇ.എസ്.എസ് സ്പോട്ട് ചെയ്ത പ്രദേശങ്ങൾ പലതും 72 ഡിഗ്രിവരെ ചെങ്കുത്തായ പ്രദേശങ്ങളാണ്. നേരത്തെ പല തവണ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി, സോയിൽ പൈപ്പിങ് പ്രതിഭാസമുണ്ടായി, ഭൂമിക്ക് വിള്ളലുണ്ടായി, മഴവെള്ളം തടാകം പോലെ കെട്ടിനിൽക്കുന്നു എന്നതടക്കമുള്ളവ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളും സാധ്യതപട്ടികയിലുൾപ്പെടും. ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് എൻ.സി.ഇ.എസ്.എസ് പറഞ്ഞ മേഖലകളിൽ ക്വാറികളും ക്രഷറുകളും അനുവദിച്ചത് വലിയ അനാസ്ഥയാണെന്നും ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്നും, ഇവിടങ്ങളിലെ റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകൻ ബാലകൃഷ്ണൻ തോട്ടുമുക്കം ആവശ്യപ്പെട്ടു.
ജൂലൈ 29ന് അർധരാത്രി വിലങ്ങാട് ഒരാൾ മരിക്കുകയും അമ്പതുകോടിയിൽ പരം രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്ത അടിച്ചിപാറ മഞ്ഞച്ചീലി, മലയങ്ങാട്, പാനോം ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയുള്ളതാണെന്ന് എൻ.സി.ഇ.എസ്.എസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടി നൂറുകണക്കിനാളുകൾ മരിക്കുകയും പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയും ചെയ്തതോടെ എൻ.സി.ഇ.എസ്.എസ് റിപ്പോർട്ട് ജില്ലയിൽ ചർച്ചയായിട്ടുണ്ട്.
സാധ്യതാ പ്രദേശങ്ങൾ താമരശ്ശേരി താലൂക്ക്
കോടഞ്ചേരി വില്ലേജിലെ ചിപ്പിലിത്തോട്, വെണ്ടക്കുപൊയിൽ, നൂറാംതോട്, മരുതിലാവ്, കാന്തലാട്ടെ 25ാം മൈൽ, 26ാം മൈൽ, ചീടിക്കുഴി, കരിമ്പൊയിൽ, മങ്കയം, കട്ടിപ്പാറയിലെ അമരാട്, ചമൽ, കരിഞ്ചോലമല, മാവുവിലപൊയിൽ, കൂടരഞ്ഞിയിലെ പുന്നക്കടവ്, ഉദയഗിരി, പനക്കച്ചാൽ, കൂമ്പാറ, ആനയോട്, കക്കാടംപൊയിൽ, കൽപിനി, തിരുവമ്പാടിയിലെ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ്, പുതുപ്പാടിയിലെ കണ്ണപ്പൻകുണ്ട്, മണൽ വയൽ, കാക്കവയൽ, പനങ്ങാട്ടെ വാഴോറമല, കൂടത്തായിയിലെ തേവർമല, കാനങ്ങോട്ടുമല, ശിവപുരത്തെ തേനാകുഴി.
വടകര താലൂക്ക്
കാവിലുംപാറ വില്ലേജിലെ ചൂരാനി, പൊയിലാംചാൽ, കരിങ്ങാടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്, മരുതോങ്കരയിലെ പൂഴിത്തോട്, പശുക്കടവ്, തോട്ടക്കാട്, കായക്കൊടിയിലെ പാലോളി, മുത്തശ്ശിക്കോട്ട, ചെക്യാട്ടെ കാഞ്ഞിരത്തിങ്ങൽ, കോരനമ്മൽ, ഒഞ്ചിയത്തെ മാവിലാകുന്ന്, തിനൂരിലെ കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്, വായാട്, വളയത്തെ ആയോട്മല, വാണിമേലിലെ ചിറ്റാരിമല, വിലങ്ങാട്ടെ ആലിമൂല, അടിച്ചിപാറ, അടുപ്പിൽ കോളനി, മാടഞ്ചേരി, മലയങ്ങാട്, പാനോം, ഉടുമ്പിറങ്ങിമല.
കോഴിക്കോട് താലൂക്ക്
കൊടിയത്തൂർ വില്ലേജിലെ ചീരൻകുന്ന്, മാങ്കുഴിപാലം, മൈസൂർ മല, കുമാരനല്ലൂരിലെ കൊളക്കാടൻ മല, ഊരാളിക്കുന്ന്, പൈക്കാടൻ മല, തോട്ടക്കാട്, മടവൂരിലെ പാലോറമല.
കൊയിലാണ്ടി താലൂക്ക്
ചക്കിട്ടപ്പാറ വില്ലേജിലെ താമ്പാറ, കൂരാച്ചുണ്ടിലെ കൂരാച്ചുണ്ട്, നടുവണ്ണൂരിലെ വാകയാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.