കോഴിക്കോട്: സാഹിത്യ നഗരം പദവിക്ക് മേലങ്കി ചാർത്താൻ മധുരം നുകരുന്ന തെരുവിൽ, തെരുവിന്റെ സാഹിത്യകാരനു മുന്നിൽ വട്ടം കൂടിയിരുന്ന് അവർ കഥകൾ വായിച്ചു. മഴ പെയ്തൊഴിഞ്ഞ് മാനം തെളിഞ്ഞ നേരത്ത് പുസ്തകങ്ങളുമായെത്തി നഗരമാതാവിന്റെ നേതൃത്വത്തിൽ നടന്ന തെരുവുവായനയിൽ നഗരത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മൺമറഞ്ഞ സാഹിത്യ കുലപതികളുടെ മക്കളും കലാ-സാംസ്കാരിക പ്രവർത്തകരും ഒത്തുകൂടി. കോഴിക്കോടിന്റെ പഴയകാല സാഹിത്യ സദസ്സുകളെ ഓർമപ്പെടുത്തിയ തെരുവിലെ വായന യുവാക്കൾക്കും കുട്ടികൾക്കും കൗതുകമായി. വീടുകളിൽനിന്ന് പുസ്തകവുമായാണ് സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും ശനിയാഴ്ച രാവിലെ മിഠായിത്തെരുവിൽ എത്തിയത്. എസ്.കെ. പൊറ്റെക്കാട്ട് പ്രതിമക്ക് മുന്നിൽ വട്ടംകൂടിയിരുന്ന് പുസ്തകം വായിച്ച് അവർ കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിക്കുന്നതിന്റെ ആനന്ദം പങ്കുവെച്ചു.
മേയർ ഡോ. ബീന ഫിലിപ് എസ്.കെ. പൊറ്റെക്കാട്ടിന്റെ തെരുവിന്റെ കഥയിൽനിന്നുള്ള ഭാഗങ്ങൾ വായിച്ച് തെരുവിലെ വായനക്ക് തുടക്കം കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ‘പ്രേമലേഖനം’, നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. കൃഷ്ണകുമാരി ‘തിക്കോടിയന്റെ കാലം’, എസ്.കെ. പൊറ്റെക്കാട്ടിന്റെ മകൾ സുചിത്ര ‘തെരുവിന്റെ കഥ’ എന്നീ പുസ്തകങ്ങൾ ഉച്ചത്തിൽ വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, തിക്കോടിയന്റെ മകൾ പുഷ്പ, എസ്.കെ. പൊറ്റെക്കാട്ടിന്റെ പേരമകൾ നീതു എന്നിവരും കോർപറേഷൻ കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തു.
സാഹിത്യ നഗരം പദവി ലഭിച്ചതിൽ കോഴിക്കോട്ടെ ജനങ്ങൾ കക്ഷി രാഷ്ട്രീയത്തിനതീതമായി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെന്നും അവരുടെ പ്രതികരണങ്ങൾ ഇനിയും മുന്നോട്ടുപോകാൻ ഊർജം നൽകുന്നുണ്ടെന്നും മേയർ പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് മാധ്യമങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ലഭിച്ചത്. ഞായറാഴ്ച സാഹിത്യനഗരം ലോഗോ പ്രകാശനം ചെയ്യുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് പ്രദർശിപ്പിക്കും.
ഇതോടെ നഗരത്തിലെത്തുന്നവർക്ക് ഒറ്റനോട്ടത്തിൽ തന്നെ തങ്ങൾ സാഹിത്യ നഗരത്തിലാണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയുമെന്നും മേയർ പറഞ്ഞു. തെരുവു വായനയിൽ പങ്കെടുക്കാൻ റഹ്മാനിയ സ്കൂളിൽ നിന്നുള്ള കാഴ്ച-കേൾവി പരിമിതി അനുഭവിക്കുന്ന വിദ്യാർഥികളും അധ്യാപകരും എത്തിയിരുന്നു. സാഹിത്യ നഗരം പ്രഖ്യാപനത്തിന് മുന്നോടിയായി ശനിയാഴ്ച നഗരത്തിലെ സ്കൂളുകളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായന നടക്കുകയും ചെയ്തു.
കോഴിക്കോട്: കോഴിക്കോടിന്റെ സാഹിത്യ നഗര പ്രഖ്യാപനം ഞായറാഴ്ച വൈകീട്ട് 5.30ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജൂബിലി ഹാളിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കഴിഞ്ഞ ആഗസ്റ്റിലാണ് നഗരത്തിന് യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ചത്. ലോഗോ പ്രകാശനവും വെബ് സൈറ്റ് ലോഞ്ചിങ്ങും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിൽ എം.ടി. വാസുദേവൻ നായർ വജ്രജൂബിലി പുരസ്കാരം ഏറ്റുവാങ്ങും. സാഹിത്യ നഗര കേന്ദ്ര പ്രഖ്യാപനം കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.