കോഴിക്കോട് രാ​ഘവേട്ടന് സ്വന്തം: കണക്ക് കൂട്ടലുകൾ തെറ്റിച്ച ലീഡ്

കോഴിക്കോട്​ മണ്ഡലത്തെ നാലാം തവണയും സ്വന്തമാക്കി യു.ഡി.എഫ് സ്ഥാനാർഥി​ എം.കെ. രാഘവൻ. 1,46,176 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ യു.ഡി.എഫ് തരംഗത്തിൽ 85,225 വോട്ടിന്‍റെ ഭൂരിപക്ഷം രാഘവനുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ​ തന്റെ റെക്കോർഡ് മറികടന്നിരിക്കുന്നു.

കോഴിക്കോട്ടുകാർ രാഘവേട്ടൻ എന്ന് വിളിക്കാൻ തുടങ്ങിയിട്ട് നാളേറായി. ജനകീയത തന്നെയാണ് കോഴിക്കോടി​ന്റെ മനസ് കീഴടക്കാൻ വഴിതെളിച്ചത്. ഇത്തവണ മണ്ഡലം തിരിച്ചു​ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുതിർന്ന നേതാവ് എളമരം കരീമിനെ എൽ.ഡി.എഫ് കളത്തിലിറക്കിയത്. എന്നാൽ, വോട്ടെണ്ണലിന്റെ തുടക്കം മുതൽ രാഘവൻ മുൻപന്തിയിലായിരുന്നു.

ഏഴ്​ നിയമസഭ മണ്ഡലങ്ങളിൽ ആറും കൈവശമുള്ള എൽ.ഡി.എഫിന്‍റെ വോട്ടുകണക്കല്ല ലോക്സഭയിലേക്ക്​ വരുമ്പോൾ ഉണ്ടാകുന്നത്.​ എന്നാൽ, ഇത്തവണ മണ്ഡലത്തിന്റെ ഗതിനിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന 36 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഇളക്കമുണ്ടാകുമെന്നും അത്​ എളമരം കരീമിന്​ അനുകൂലമാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു​ എൽ.ഡി.എഫ്​. ന്യൂനപക്ഷ വോട്ടുകൾ ലാക്കാക്കിയ തന്ത്രങ്ങൾ ആവിഷ്കരിച്ചായിരുന്നു എൽ.ഡി.എഫ് തെരഞ്ഞെടുപ്പ്​ പ്രവർത്തനം നടത്തിയത്.

ഇതിനിടെ, കോഴിക്കോട് എൻ.ഡി.എയുടെ പ്രകടനം ഇടതുമുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി എം.കെ.രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തിയപ്പോൾ എൽ.ഡി.എഫ് ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശാണ് സി.പി.എമ്മിലെ എളമരം കരീമിനെ പിന്നിലാക്കിയത്. ചരിത്രത്തിലാദ്യമായാണ് എൻ.ഡി.എ എൽ.ഡി.എഫിനെ മറികടന്നത്. അതേസമയം യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന് ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ഇരുവർക്കുമായില്ല.

Tags:    
News Summary - kozikode Lok Sabha Elections 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.